മാതൃകാ പെരുമാറ്റച്ചട്ടം: ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണവേദിയാക്കരുത്, ജാതി-മത വേട്ട് ചോദിക്കരുത്

ശ്രീനു എസ്

വ്യാഴം, 18 മാര്‍ച്ച് 2021 (09:31 IST)
മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.
 
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും കുറിച്ച് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് നയങ്ങള്‍, നടപടികള്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള പ്രവൃത്തികള്‍ എന്നിവയില്‍ ഒതുക്കി നിര്‍ത്തേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടേയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല. രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വ്യക്തികളുടെ വീടിന് മുന്‍പില്‍ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക എന്നിവ അനുവദനീയമല്ല. ശാന്തവും സമാധാനപരവുമായ കുടുംബജീവിതത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശം പൂര്‍ണമായും സംരക്ഷിക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍