മുരളീധരനും സുരേന്ദ്രനും മത്സരിച്ചേക്കും, ബിജെപി സാധ്യത പട്ടിക ഇങ്ങനെ

ശനി, 6 ഫെബ്രുവരി 2021 (09:20 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ ഒഴികെ കോർകമ്മിറ്റി അംഗങ്ങളെല്ലാം മത്സരിച്ചേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകണമെന്നാണ് പാർട്ടിയുടെ പൊതുവികാരം. സുരേന്ദ്രൻ നേമത്ത് മത്സരിക്കാനാണ് സാധ്യത. കുമ്മനത്തിന്റെ പേരാണ് നിലവിൽ നേമത്ത് പറഞ്ഞു കേൾക്കുന്നത്. വി മുരളീധരൻ കഴക്കൂട്ടത്ത് മത്സരിച്ചേക്കും.
 
പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി രമേശ് കോഴിക്കോട് നോർത്തിലും പി.സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും.എ.എന്‍ രാധാകൃഷ്ണന്‍ മണലൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കും. വട്ടിയൂർകാവിൽ വിവി രാജേഷും സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ് ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകും.
 
അതേസമയം സന്ദീപ് വാര്യര്‍ തൃശ്ശൂരിലും മത്സരിക്കും. പ്രമീളാദേവി ജി. രാമന്‍നായര്‍ തുടങ്ങി പാര്‍ട്ടിയിലെ നവാഗതർക്കും സീറ്റ് ലഭിക്കും.യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ ബേപ്പൂരിലും മത്സരിക്കും.മുന്‍ ഡിജിപിമാരായ ജേക്കബ് തോമസും ടി.പി സെന്‍കുമാറും സിനിമാസീരിയല്‍ നടന്‍മാരായ കൃഷ്ണകുമാറും വിവേക് ഗോപനും സ്ഥാനാർത്ഥികളാകും. സോളാർ വിഷയം പൊന്തിവന്നതിനാൽ അബ്‌ദുള്ളകുട്ടി മത്സരിക്കാൻ സാധ്യതയില്ല. പൊതുസമ്മതരായ കുറച്ചധികം പേര്‍ ഇത്തവണ മത്സരത്തിനുണ്ടാകണമെന്നും പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍