അരുവിക്കരയില്‍ റെക്കോര്‍ഡ് പോളിംഗ്, 76.31% പേര്‍ വോട്ട് ചെയ്തു
ശനി, 27 ജൂണ്‍ 2015 (18:49 IST)
അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. തെരഞ്ഞെടുപ്പില്‍ 76.31 % പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പോളിംഗ് തുടങ്ങി ഉച്ചയായപ്പോള്‍ തന്നെ ശതമാനം 50നു മുകളില്‍ പോയിരുന്നു. മഴ ഇല്ലായിരുന്നെങ്കില്‍ പോളിംഗ് 80നു മുകളില്‍ പോകുമായിരുന്നു എന്ന് കരുതപ്പെടുന്നു. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആര്യനാട് പഞ്ചായത്തിലാണ് 79 %. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് തൊളികോട് 74.12%.
വെള്ളനാട്( 76.73%), കുറ്റിച്ചല്‍(74.29%), അരുവിക്കര (77.34%), പൂവച്ചല്‍( 76.28%), ആര്യനാട്( 78.9%), വിതുര(75.88%), തൊളികോട്(74.12%), ഉഴമലയ്ക്കല്‍(75.54%) എന്നിങ്ങനെയാണ് അരുവിക്കര മന്‍ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ രേഖപ്പെടുത്തിയ പോളിംഗ് ശതമാനങ്ങള്‍. പോളിംഗ് സമരം അഞ്ചുമണിക്ക് അവസാനിച്ചിട്ടും പോളിംഗ് ബൂത്തുകളില്‍ വോട്ട്ര്മാരുടെ നീണ്ട നിരയാണ് ഉണ്ടായത്. കനത്ത മഴയെ അവഗണിച്ചു ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തി എന്നത് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വോട്ടര്‍മാര്‍ മനസിലാക്കി എന്നതിനുള്ള തെളിവാണ്. 154 പോളിങ് ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
അതേസമയം അഞ്ചുമണിക്ക് ശേഷം വന്നു എന്ന് പറഞ്ഞ് വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തിരികെ അയച്ച ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടത് പ്രവര്‍ത്തകര്‍ സമരം ചെയ്തത് ചെറിയ സംഘര്‍ഷമുണ്ടാക്കി. ഒടുവില്‍ സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിച്ചതൊടെയാണ് സംഘര്‍ഷം അവസാനിച്ചത്. സംഘര്‍ഷം മാറിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുകയാണ്. 74 ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്നാണ് പോളിങ് തടസ്സപ്പെട്ടത്. പിന്നീട് മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ വിതുരയിലെ പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്‌ഥന്‍ കുഴഞ്ഞുവീണു. വിതുരയിലെ മുപ്പത്തി രണ്ടാം ബൂത്തിലെ ഉദ്യോഗസ്‌ഥനാണ് കുഴഞ്ഞുവീണത്. എന്നാല്‍ പോളിങില്‍ തടസം നേരിട്ടില്ല. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലുമണി വരെ 70.29 ശതമാനമായിരുന്നു പോളിങ്ങ് ശതമാനം ഇത് ഇത്തവണ മറികടന്നിരിക്കുകയാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 60.6 ശതമാനവുമായിരുന്നു. ഇതും ഇത്തവണ മറി കടന്നു. ആദ്യ മൂന്നു മണിക്കൂറില്‍ തന്നെ 23 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം കനത്ത പോളിംഗ് നടന്നതിനാല്‍ സ്ഥാനാര്‍ത്തികളെല്ലാം ശുഭപ്രതീക്ഷയിലാണ്. മികച്ച വിജയമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 30നാണ് വോട്ടെണ്ണല്‍.