അരുവിക്കര കയറിയാല്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രി! മോഡിയുടെ വാഗ്ദാനത്തില്‍ ഞെട്ടി ബിജെപി

വെള്ളി, 26 ജൂണ്‍ 2015 (19:42 IST)
അരുവിക്കര നിയോജക മണ്‌ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ജയിച്ചാല്‍ കേരളത്തില്‍ നിന്നുള്ള ഒരു നേതാവിനെ കേന്ദ്രമന്ത്രിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം. അരുവിക്കരയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഈ വാഗ്‌ദാനം ബിജെപി കേരള നേതൃത്വത്തിനു നല്‍കിയത്‌.

തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു ശേഷം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഓരോ ബൂത്തിന്റെയും ചുമതലയുള്ള നേതാക്കളും സംസ്ഥാന പ്രസിഡന്റിനൊപ്പം ഇന്നലെ ഒത്തുചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിതമായി മോഡിയുടെ വിളി എത്തിയത്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി അവസാന ദിവസം സംസ്ഥാന കമ്മിറ്റി ഒരുക്കിയിരിക്കുന്ന പ്രവര്‍ത്തനങ്ങളും തന്ത്രങ്ങളും എന്തൊക്കെയെന്നു ചോദിച്ചറിഞ്ഞു.

രാജഗോപാലിന്റെ വിജയ സാധ്യതയും ഭൂരിപക്ഷവും വിശദമായി മനസിലാക്കിയതിനു ശേഷമാണ് മോഹന വാഗ്ദാനം മോഡി മുരളീധരന് നല്‍കിയിരിക്കുന്നത്. അരുവിക്കരയില്‍ വിജയിച്ചാല്‍ അടുത്തു വരുന്ന രാജ്യസഭാ സീറ്റില്‍ കേരളത്തിന്റെ സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചു കേന്ദ്രമന്ത്രിയാക്കാം എന്ന വാഗ്‌ദാനമാണ്‌ അദ്ദേഹം നല്‍കിയിരിക്കുന്നത്‌. സംഭാഷണം 15 മിനിറ്റോളം നീണ്ടു.

വെബ്ദുനിയ വായിക്കുക