ചരിത്ര പ്രസദ്ധമായ ആറന്‍മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. രാവിലെ പത്തിനൊന്ന് മണിക്ക് എന്‍എസ്എസ് പ്രസിഡന്റ് ജി നരേന്ദ്രനാഥന്‍ നായര്‍ വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിക്കും. 80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യക്കാണ് ഇന്ന് തുടക്കമാവുന്നത്. ഉദ്ദിഷ്ട കാര്യത്തിനും സര്‍പ്പദോഷ പരിഹാരത്തിനുമായി ഇന്ന് ഇടയാറന്മുള, കീക്കൊഴൂര്‍, തെക്കേമുറി, മാരാമണ്‍, കീഴ് ചേരിമേല്‍, പുന്നംനേട്ടം, ചെറുകോല്‍, എന്നീ ഏഴ് പള്ളിയോടങ്ങള്‍ക്ക് വഴിപാടായി വള്ളസദ്യ നടത്തും.
വഴിപാട് നടത്തുന്നയാള്‍ കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച മാല പള്ളിയോടത്തിന് ചാര്‍ത്താനായി നല്‍കും. പമ്പ നദിയിലൂടെ തുഴഞ്ഞെത്തുന്ന പള്ളിയോട കരക്കാരെ വഴിപാട് നടത്തുന്ന ഭക്തര്‍ ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലേക്ക് സ്വീകരിക്കും. പുകയില നല്‍കി അഷ്ടമംഗല്യത്തിന്റെ അകമ്പടിയിലാണ് ഇവരെ സ്വീകരിക്കുന്നത്. കരക്കാര്‍ വഞ്ചിപ്പാട്ടിലൂടെ ഭഗവാനെ സ്തുതിക്കും, ഇതിനു ശേഷമാണ് വള്ളസദ്യ ആരംഭിക്കുന്നത്.