അനധികൃതമായി കടത്തിയ 5000 കിലോ അമോണിയം നൈട്രേറ്റ് പിടികൂടി
അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന 5000 കിലോ അമോണിയം നൈട്രേറ്റ് വേലന്താവളം എക്‌സൈസ് ചെക്‌പോസ്‌റ്റിൽ പിടികൂടി. ഇന്നലെ രാവിലെ അഞ്ചിന് വാഹന പരിശോധനയ്‌ക്കിടെയാണ് അമോണിയം നൈട്രേറ്റ് പിടികൂടിയത്. കോഴി കാഷ്‌ഠം നിറച്ച ചാക്കുകൾക്കു നടുവിൽ അമോണിയം നൈട്രേറ്റിന്റെ ചാക്ക് ഒളിപ്പിച്ച നിലയിലായിരുന്നു.
സിവിൽ ഓഫിസർമാർ ലോറിക്കു മുകളിൽ കയറിയപ്പോൾ ലോറി ഡ്രൈവർ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പിടികൂടി. തുടർന്നു നടന്ന പരിശോധനയിലാണ് അമോണിയം നൈട്രേറ്റ് കണ്ടെത്തിയത്. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് തിരുവണ്ണാ താലൂക്ക് ഉളിയൂരിലെ രാജിനെ (35) അറസ്‌റ്റ് ചെയ്‌തു. ഡ്രൈവറെക്കുറിച്ച് ഒന്നും അറിയില്ലെന്നും വഴിയിൽ നിന്ന് കയറിയതാണെന്നുമാണ് രാജ് എക്‌സൈസ് അധികൃതർക്കു നൽകിയ മൊഴി.