നാല് പേര്‍ നിന്നാണ് സംഭവ ദിവസം പറമ്പ് കിളച്ചത്. അഖിലും, രാഹുലും, അച്ഛന്‍ മണിയനും, അയല്‍ക്കാരന്‍ ആദര്‍ശും ചേര്‍ന്നാണ് കിളച്ചതെന്നാണ് കരുതുന്നത്. കിളയ്ക്കുമ്‌ബോള്‍ മണിയനോട് എന്തിനാണ് ഇങ്ങനെ വലിയ കുഴിയെടുക്കുന്നതെന്നും കിളയ്ക്കുന്നതെന്നും ചോദിച്ചെന്നും മറുപടി കിട്ടിയില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
അഖിലിന്റെ വീടിന്റെ തൊട്ടയല്‍വാസി പറയുന്നതിങ്ങനെ: ‘എന്റെ വീടിന്റെ അതിര്‍ത്തിയിലുള്ള മതിലില്‍ നിന്ന് രണ്ട് മീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ മൃതദേഹം കിടന്നയിടം. അവിടെ നല്ല രീതിയില്‍ കിള നടന്നിരുന്നു. അപ്പനും മക്കളും അങ്ങനെ നാല് പേരുണ്ടവിടെ. അങ്ങനെ കിള നടന്നപ്പോള്‍ എന്താണെന്ന് ഞാന്‍ ചെന്ന് ചോദിച്ചു. രണ്ട് ദിവസം മുമ്ബ് ഈ പ്രദേശത്ത് നിന്ന് മൃതദേഹം എടുത്തപ്പോഴാണ് എന്റെ നെഞ്ചത്ത് ചവിട്ടിയാണ് ഇവരിത് ചെയ്തതെന്ന് മനസ്സിലായത്’, അഖിലിന്റെ ഒരു അയല്‍വാസി പറയുന്നു.
‘ആ പയ്യന്‍മാരുടെ അച്ഛന്‍ പറയുന്നത് ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്. ഇത് നൂറു ശതമാനം കള്ളമാണ്. അയാള്‍ നാക്കെടുത്താല്‍ പറയുന്നത് നുണയാണ്. ഇവിടെ മുഴുവന്‍ കിളച്ച് മറിച്ചത് അയാളുടെ അറിവോടെയാണ്. പൊലീസ് കേസില്‍ നല്ല രീതിയില്‍ അന്വേഷണം നടത്തണം. ഇതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നതെന്ന്’ മറ്റൊരു അയല്‍വാസിയും പറയുന്നു.
കേസിലെ രണ്ടാം പ്രതി രാഹുല്‍ ഇന്ന് അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി അഖിലിനെ കണ്ടെത്താന്‍ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ രംഗത്തെത്തി. മകന്‍ നിരപരാധിയാണെന്നും മണിയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം.