ആലുവ: പോലീസ് വിവിധ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ഉത്തരേന്ത്യൻ യുവതികളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി. മനുഷ്യക്കടത്തെന്നാണ് പോലീസിന്റെ സംശയം. ഇരുപതോളം ലോഡ്ജുകളിലാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തി. ഇവരെ പല തരത്തിലും ചോദ്യം ചെയ്‌തെങ്കിലും അവർക്ക് അറിയില്ലെന്നും ഇവരുടെ പാസ്പോർട്ട്, പണം എന്നിവ ഒരു സംഘത്തിന് കൈമാറിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രെയിനുകളിൽ ബീഹാർ, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് യുവതികൾ ആലുവയിൽ എത്തിയത്. പിന്നീട് വിവിധ ലോഡ്ജുകളിൽ ഇവരെ പാർപ്പിച്ചു. പകൽ സമയത് ഇവർ പുറത്തിറങ്ങാറില്ല. എന്നാൽ ഇവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ വിദേശത്തേക്കുള്ള യാത്രയാണോ, അങ്ങനെയാണെങ്കിൽ വിമാനത്തിലാണൊ ബോട്ടിലാണോ പോകുന്നത് എന്ന കാര്യവും ഇവർക്ക് അറിയില്ല.
പോലീസ് നടത്തിയ അന്വേഷണത്തിലും കൂടുതൽ വിവരങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുപ്പതിനും നാല്പതിനും ഇടയ്ക്കു പ്രായമുള്ള ഇവരെ എന്ത് ജോലിക്കാന് കൊണ്ടുപോകുന്നതെന്നും അറിയില്ല. രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരത്തെ തുടർന്നാണ് റൂറൽ ജില്ലാ പോലീസ് പരിശോധന നടത്തിയത്. നാല് വര്ഷം മുമ്പ് ആലുവയിലെ ലോഡ്ജിൽ നിന്ന് മനുഷ്യ കടത്തിനായി എത്തിയ ശ്രീലങ്കക്കാരെ പോലീസ് പിടികൂടിയിരുന്നു.