എഡിറ്റ് ചെയ്യപ്പെടാത്ത ഓഡിയോ എവിടെ ?; ചാനല്‍ സിഇഒയ്‌ക്ക് ജാമ്യമില്ല - അജിത് കുമാറിനെ വിനയായത് മറ്റ് പ്രതികളുടെ മൊഴി

ബുധന്‍, 12 ഏപ്രില്‍ 2017 (15:29 IST)
ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായവരില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. അതേസമയം, സി ഇ ഒ അജിത് കുമാറിനും റിപ്പോർട്ടർ ജയചന്ദ്രനും കോടതി ജാമ്യം നിഷേധിച്ചു.

ആറു മുതല്‍ ഒമ്പത് വരെയുളള പ്രതികള്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഫോണ്‍ സംഭാഷണത്തിന്‍റെ എഡിറ്റ് ചെയ്യപ്പെടാത്ത ശബ്ദരേഖ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പരിഗണിച്ചാണ് അജിത് കുമാറിനും ജയചന്ദ്രനും ജാമ്യം നിഷേധിച്ചത്. എഡിറ്റ് ചെയ്യപ്പെടാത്ത ഓഡിയോ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

അജിത് കുമാറിനും ജയചന്ദ്രന്റെയും നിർദേശ പ്രകാരമാണ് സംഭാഷണം എഡിറ്റ് ചെയ്തതെന്ന മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്.

എകെ ശശീന്ദ്രനെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കിയ സംഭവത്തില്‍ ചാനല്‍ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക