കേരളത്തില്‍ ആദ്യമായി അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി എയര്‍ ആംബുലൻസ് സംവിധാനം വിജയകരമായി ഉപയോഗപ്പെടുത്തി. ഹൃദയവുമായി ആംബുലന്‍സ് ലിസി ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
ഹൃദയവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരിച്ച എയര്‍ ആംബുലന്‍സ് കൊച്ചി വില്ലിങ്ടണ്‍ നാവിക വിമാനത്താവളത്തിലാണ് ഇറങ്ങിയത്. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ഹൃദയം ശസ്ത്രക്രിയ നടക്കുന്ന ലിസി ആശുപത്രിയിലെത്തിയത്. ആംബുലൻസ് കടന്നു പോകുന്നതിനായി പൊലീസ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി അഡ്വക്കേറ്റ് നീലകണ്ഠ ശര്‍മ്മയുടെ ഹൃദയവുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് കൊച്ചിയിലെ ലിസി ഹോസ്പിറ്റലിലെത്തിച്ചത്.
എറണാകുളം ലിസി ആശുപത്രിയില്‍ നിന്നും ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ചാലക്കുടി സ്വദേശി മാത്യു അച്ചാടനാണ് ഹൃദയം സ്വീകരിക്കുന്നത്.അവയവദാന രംഗത്ത് പുതിയ കാല്‍വെപ്പായാണ് എയര്‍ ആംബുലന്‍സ് സര്‍വ്വീസിനെ കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് വ്യോമാര്‍ഗത്തിലൂടെ അവയവം സ്വീകര്‍ത്താവിനെത്തിക്കുന്നത്.