അഫ്ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചി സ്വദേശിയുമെന്ന് റിപ്പോര്‍ട്ടുകള്‍

വ്യാഴം, 14 മെയ് 2015 (18:38 IST)
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാലസ് ഗസ്റ്റ് ഹൗസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ ഒരു മലയാളിയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി സ്വദേശി മാത്യു ജോർജാണ് കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ എംബസിയിൽ ഓഡിറ്റിങ്ങിനായി ചെന്നതാണ് ഇദ്ദേഹം. കൊല്ലപ്പെടും മുൻപ് വീട്ടിലേക്കു ഫോണിൽ വിളിച്ചിരുന്നു. ഗസ്റ്റ് ഹൗസിനു പുറത്ത് തുടർച്ചയായ വെടിയൊച്ച കേൾക്കുന്നു, കട്ടിലിനടിയിലാണു കിടക്കുന്നത് എന്നു മകനോടു പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞു തിരികെ വിളിച്ചപ്പോൾ ഫോൺ ഓഫായിക്കഴിഞ്ഞിരുന്നു. അൽപം മുൻപാണ് വീട്ടിൽ വിവരം ലഭിച്ചത്.  ഭീകരാക്രമണത്തില്‍ നാല് ഇന്ത്യക്കാരും ഒരു അമേരിക്കക്കാരനുമായിരിന്നു കൊല്ലപ്പെട്ടത്.

പ്രധാനമായും ഇന്ത്യ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളാണ് ഇവിടെയുണ്ടായിരുന്നത്. പ്രശസ്ത അഫ്ഗാനി ഗായകനായ അൽതാഫ് ഹുസൈന്റെ സംഗീതപരിപാടിക്ക് ക്ഷണിക്കപ്പെട്ടവരായിരുന്നു ഇവർ. പരിപാടി തുടങ്ങും മുൻപ് അഞ്ചോളം തോക്കുധാരികൾ ഗസ്റ്റ്ഹൗസ് ആക്രമിക്കുകയായിരുന്നു.  പ്രാദേശിക സമയം ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.

വെബ്ദുനിയ വായിക്കുക