ദാസ്യപ്പണിയില്‍ എഡിജിപിയുടെ കസേര തെറിച്ചു; സുധേഷ് കുമാറിനെ മാറ്റി - തുടര്‍ നിയമനം സേനയ്‌ക്ക് പുറത്ത്
ശനി, 16 ജൂണ്‍ 2018 (12:47 IST)
പൊലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ് ആനന്ദകൃഷ്ണൻ എസ്എപിയുടെ പുതിയ മേധാവിയാകും.
സുധേഷ് കുമാറിന് ഇദ്ദേഹത്തിന് പുതിയ നിയമനം നൽകിയിട്ടില്ല. വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ പദവി നൽകേണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി.
സുധേഷ് കുമാറിനെ പൊലീസ് സേനയുടെ പുറത്തെവിടെയെങ്കിലും നിയമനം നൽകുമെന്നാണ് അറിയുന്നത്. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പുകളിലോ മാറ്റുമെന്നാണ് സൂചന.
ഗവസ്കറുടെ പരാതിയിലും എഡിജിപിയുടെ മകൾ സ്നിഗ്ധയുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും പരാതികള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക.
അതേസമയം, ഭർത്താവിനെതിരെ എഡിജിപിയുടെ മകൾ നൽകിയത് കള്ളപ്പരാതിയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഡ്രൈവർ ഗവാസ്കറുടെ ഭാര്യ രേഷ്മ വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറയി വിജയനെ കണ്ടിരുന്നു. സംഭവത്തിന്റെ യഥാസ്ഥിതി മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്നും കള്ളപ്പരാതി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമുണ്ട് രേഷ്മ വ്യക്തമാക്കി.
വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.