അന്വേഷണം പൂർത്തിയായി; കേസില്‍ ജയസൂര്യ കുടുങ്ങുമോ ? - റിപ്പോർട്ട് കോടതിയിൽ

ശനി, 16 സെപ്‌റ്റംബര്‍ 2017 (16:12 IST)
കായല്‍ പുറമ്പോക്കു ഭൂമി കൈയേറി നടന്‍ ജയസൂര്യ ബോട്ട്‌ ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചെന്ന പരാതിയില്‍  വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഒരു മാസത്തിനകം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് കോടതി പിന്നീട് പരിശോധിക്കും.

കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിർമിച്ചതും ചുറ്റുമതിൽ കെട്ടിയതും കായൽ പുമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. പരാതിയെ തുടർന്ന് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സ്വകാര്യ ബോട്ട്‌ ജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള വീടും ജയസൂര്യ നിര്‍മിച്ചതുമാണ് വിവാദമായത്. ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക്‌ കൈയേറിയാണ്‌ നിര്‍മാണമെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക