നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

വ്യാഴം, 3 ഓഗസ്റ്റ് 2017 (17:48 IST)
വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ യാത്ര ചെയ്ത മുൻ സൈനികന്റെ കോളറിൽ പൊലീസ് പിടിച്ച് വലിച്ചതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിടുകയും പോസ്റ്റിലിടിച്ച് ഇദ്ദേഹം മരിക്കുകയും ചെയ്തു. ആനപ്പാറ പൂവൻ പറമ്പ് വിനായകയിൽ  വിക്രമൻ നായർ എന്ന അറുപത്തിയെട്ടുകാരനാണ് ഈ ഹതഭാഗ്യൻ. 
 
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മലയിൻകീഴ് ചീനിവിള മഹാത്മാ ഗ്രനഥശാലയ്ക്കടുത്തതാണ് സംഭവമുണ്ടായത്. വീടിനടുത്തുള്ള പാലത്തിനടുത്ത് സ്‌കൂട്ടർ പാർക്ക് ചെയ്ത ശേഷം മുന്നോട്ടു നടക്കാൻ ശ്രമിക്കവെയാണ് വിക്രമൻ നായർ വാഹന പരിശോധന നടത്തുന്ന പൊലീസിനെ കണ്ടത്.
 
എന്നാൽ ഉടൻ തന്നെ വിക്രമൻ നായർ സ്‌കൂട്ടറിൽ കയറി ഓടിച്ചുപോയി. ഇതുകണ്ട പോലീസ് ഇദ്ദേഹത്തെ പിന്തുടരുകയും ഷർട്ടിന്റെ കോളറിൽ കയറിപ്പിടിക്കുകയും ചെയ്തപ്പോൾ സ്‌കൂട്ടർ നിയന്ത്രണം വിടുകയും അടുത്തുള്ള പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഉടൻ തന്നെ വിക്രമൻ നായരെ അടുത്തുള്ള കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 
വിവരം അറിഞ്ഞ നാട്ടുകാർ ബഹളം വയ്ക്കുകയും പൊങ്ങംമൂട് കാട്ടാക്കട റോഡ് ഉപരോധിക്കുകയും ചെയ്തു. അതെ സമയം വാഹന പരിശോധന കഴിഞ്ഞ പോലീസ് സംഘം സ്റ്റേഷനിലേക്ക് പോകുംവഴി വഴിയിൽ വാഹനാപകടത്തിൽ പെട്ട് കിടക്കുകയായിരുന്ന വിക്രമൻ നായരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക