അച്ഛനും സുഹൃത്തുക്കളായ പൊലീസുകാരും ചേര്‍ന്ന് പതിനേഴുകാരിയായ മകളെ പീഡിപ്പിക്കുന്നുവെന്ന് അമ്മയുടെ പരാതി - സംഭവം അങ്കമാലിയില്‍

ബുധന്‍, 22 ഫെബ്രുവരി 2017 (17:08 IST)
മകളെ അച്ഛനും സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് അങ്കമാലി തുറവൂർ സ്വദേശിനി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ പരാതി നല്‍കി. വിഷയത്തില്‍ ഇടപ്പെട്ട കമ്മീഷന്‍ പെൺകുട്ടിയുടെ സുരക്ഷ അടിയന്തിരമായി ഏറ്റെടുക്കാൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി.

വർഷങ്ങളായി തന്നെ മൃഗീയമായി ഉപദ്രവിക്കുന്ന ഭർത്താവ് ഇപ്പോള്‍ പതിനേഴുകാരിയായ മകളെയും പീഡിപ്പിക്കുന്നു. ഭര്‍ത്താവിനൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഭര്‍ത്താവിനെതിരെ കേസെടുത്ത് മകളെ എത്രയും വേഗം വിട്ടു കിട്ടണമെന്നും കമ്മീഷന്‍ ആക്‍ടിങ് ചെയര്‍പഴ്‌സന്‍ പി മോഹനദാസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രതികള്‍ക്കെതിരെ കേസ് എടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. മാർച്ച് എട്ടിന് ആലുവ ഗവൺമെന്റ് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

വെബ്ദുനിയ വായിക്കുക