പേ പിടിച്ച പശുവിന്‍റെ പാല്‍ കുടിച്ചാല്‍ കുഴപ്പമുണ്ടോ? അടൂരില്‍ ജനം ഭീതിയില്‍

വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (15:18 IST)
പേ പിടിച്ച പശുവിന്‍റെ പാല്‍ കുടിച്ചവര്‍ ഭീതിയില്‍. തങ്ങള്‍ക്കും പേ വിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന ഭീതിയിലാണ് അടൂരില്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍.
 
ഒരു വീട്ടമ്മ നാലുമാസം മുമ്പ് വാങ്ങിയ പശുവാണ് പേവിഷ ബാധയേറ്റ് ചത്തത്. പശു പേ ഇളകി ചത്തതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ പശുവിന്‍റെ പാല്‍ വാങ്ങി ഉപയോഗിച്ചിരുന്ന നാട്ടുകാര്‍ക്ക് ഭയമായി.
 
തങ്ങള്‍ക്കും പേവിഷബാധ ഉണ്ടാകുമോ എന്ന ഭീതിയില്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തുകയാണ് ഇവര്‍. എന്നാല്‍ കുത്തിവയ്പ്പെടുക്കാന്‍ വരുന്നവരുടെ എണ്ണം കൂടിയതോടെ ആശുപത്രിയിലെ പ്രതിരോധ മരുന്നും തീര്‍ന്നു. 
 
പേ പിടിച്ച പശുവിന്‍റെ പാല്‍ കുടിച്ചവര്‍ക്ക് പേ വിഷബാധയേല്‍ക്കാന്‍ സാധ്യതയില്ല എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. നന്നായി തിളപ്പിച്ച് കുടിക്കുന്നതിലൂടെ അണുക്കള്‍ നശിച്ചുപോകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നിരുന്നാലും ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല.

വെബ്ദുനിയ വായിക്കുക