തൃശൂര്‍ പബ്ലിക്‌ ലൈബ്രറിക്ക്‌ പെരുമയായി ഗുണ്ടര്‍ട്ടിന്റെ ആദ്യ നിഘണ്ടു

ബുധന്‍, 2 ഏപ്രില്‍ 2014 (16:39 IST)
PRO
PRO
140 വര്‍ഷം പഴക്കമുള്ള, ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ തയ്യാറാക്കിയ ആദ്യ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവിന്റെ ആദ്യ എഡിഷന്റെ കോപ്പി തൃശൂര്‍ പബ്ലിക്‌ ലൈബ്രറിയില്‍. മലയാള ഭാഷാ വ്യാകരണമെന്ന പേരിലുള്ള ഈ നിഘണ്ടു ലഭ്യമായതോടെ കേരളത്തിലെ പഴക്കമുള്ള ലൈബ്രറികളിലൊന്നായ തൃശൂര്‍ പബ്ലിക്‌ ലൈബ്രറിയുടെ പേരും പെരുമയും കൂടുതല്‍ വ്യാപിക്കുകയാണ്‌.

രണ്ടാഴ്ച മുമ്പാണ്‌ ഡിക്ഷ്ണറി തൃശൂര്‍ പബ്ലിക്‌ ലൈബ്രറിക്ക്‌ ലഭിച്ചത്‌. ലൈബ്രറി എക്സിക്യൂട്ടീവ്‌ കമ്മിററി മെമ്പറായ ഡി ഗോപാലകൃഷ്ണനാണ്‌ ചെന്നൈയില്‍ നിന്നും ലഭിച്ച ഈ ഡിക്ഷ്ണറി സാംസ്ക്കാരിക തലസ്ഥാനത്തിന്റെ അഭിമാനമായ ലൈബ്രറിക്ക്‌ കൈമാറിയത്‌. ചെന്നൈയില്‍ താമസിക്കുന്ന എ.എസ്‌.വെങ്കിട്ടരാമനില്‍ നിന്നാണ്‌ ഗോപാലകൃഷ്ണന്‌ ഈ അമൂല്യഗ്രന്ഥം ലഭിച്ചത്‌. വെങ്കിട്ടരാമന്‌ ഇത്‌ ലഭിച്ചത്‌ പിതാവ്‌ പിആര്‍ രാമകൃഷ്ണ അയ്യരില്‍ നിന്നാണ്‌. കാലപ്പഴക്കം മൂലം ഡിക്ഷണറിയുടെ മുന്‍ചട്ടയും മറ്റ്‌ നശിച്ചിട്ടുണ്ട്‌. മംഗലാപുരത്തെ സി.സ്റ്റോള്‍സ്‌ ബേസില്‍ മിഷന്‍ ബുക്സ്‌ ആന്റ്‌ ട്രാക്ട്‌ ഡെപ്പോസിറ്ററിയില്‍ 1872ല്‍ അച്ചടിച്ച ഡിക്ഷ്ണറിയാണിത്‌.

തൃശൂര്‍ പബ്ലിക്‌ ലൈബ്രറിക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത നിധിയാണിതെന്നും ഇപ്പോള്‍ ഇത്‌ ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും അടിയന്തിരമായി ഇത്‌ ബൈന്‍ഡ്‌ ചെയ്ത്‌ പൊതുജനങ്ങള്‍ക്ക്‌ കാണാന്‍ തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും ലൈബ്രറി സെക്രട്ടറി പ്രൊഫ.ജോണ്‍ സിറിയിക്‌ പറഞ്ഞു. ഓരോ മലയാളം വാക്കിന്റെയും ഇംഗ്ലീഷ്‌ ഉച്ചാരണമടക്കമാണ്‌ ഡിക്ഷ്ണറി ഡിസൈന്‍ ചെയ്തിരിക്കുന്നത്‌. തമിഴിലും തെലുങ്കിലും കാണുന്ന മലയാളം വാക്കുകളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്‌. 1115 പേജുകളുള്ള നിഘണ്ടുവാണിത്‌.

നൂറ്‌ കണക്കിന്‌ പുസ്തകങ്ങള്‍ റഫര്‍ ചെയ്താണത്രെ ഗുണ്ടര്‍ട്ട്‌ ഈ നിഘണ്ടു പൂര്‍ത്തിയാക്കിയത്‌. റഫര്‍ ചെയ്ത പുസ്തകങ്ങളെക്കുറിച്ചും ഗുണ്ടര്‍ട്ട്‌ ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. 25 വര്‍ഷത്തെ നിരീക്ഷണ ഗവേഷണത്തിലൂടെയാണ്‌ ഈ നിഘണ്ടുവിലേക്ക്‌ വേണ്ട വിവരങ്ങള്‍ ശേഖരിച്ചതത്രെ. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെട്ടവരില്‍ നിന്നും കിട്ടിയതും വിവിധ ജില്ലകളില്‍ നി ന്നും ശേഖരിച്ചതും വിവിധ കാല ഘട്ടങ്ങളിലെ കവിതകളും ഗദ്യങ്ങളും റഫര്‍ ചെയ്തുമൊക്കെയാണ്‌ നിഘണ്ടു പൂര്‍ത്തിയാക്കിയതെന്ന്‌ ആമുഖത്തില്‍ ഗുണ്ടര്‍ട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക