കെ കെ ജയചന്ദ്രന്‍ ഇടുക്കി ജില്ലാസെക്രട്ടറി; കാസര്‍കോഡ് സതീഷ് ചന്ദ്രന്‍ തുടരും

ഞായര്‍, 11 ജനുവരി 2015 (12:23 IST)
സി പി ഐ (എം) ഇടുക്കി ജില്ലാസെക്രട്ടറിയായി കെ കെ ജയചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഐക്യ കണ്ഠേനയാണ് ജയചന്ദ്രനെ തെരഞ്ഞെടുത്തത്. ഇതു രണ്ടാം തവണയാണ് ജയചന്ദ്രന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയാകുന്നത്. നേരത്തെ, മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് എം എം മണി സ്ഥാനമൊഴിഞ്ഞിരുന്ന സമയത്ത് ജയചന്ദ്രന്‍ ആയിരുന്നു സെക്രട്ടറി.
 
ഉടുമ്പന്‍ ചോല എം എല്‍ എയാണ് ജയചന്ദ്രന്‍ ‍. സെക്രട്ടറിയാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ജയചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കണമെന്ന ജയചന്ദ്രന്റെ ആവശ്യം സംസ്ഥാനനേതൃത്വം അംഗീകരിച്ചില്ല.
 
അതേസമയം, കാസര്‍കോട് കെപി സതീഷ് ചന്ദ്രന്‍ സെക്രട്ടറിയായി തുടരാന്‍ ധാരണയായി. ജില്ലാ കമ്മിറ്റിയില്‍ പുതുതായി ഒമ്പതുപേരെ ഉള്‍പ്പെടുത്തി. ബഹുജന സംഘടനകളില്‍ ഉള്ളവര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കിയാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി വിപുലപ്പെടുത്തിയത്.
 
ഇന്നു വൈകുന്നേരം രണ്ടു ജില്ലാ സമ്മേളനങ്ങളും അവസാനിക്കും. സമ്മേളനത്തിന്റെ സമാപന ദിനമായ ഇന്ന് ജില്ലാ കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിക്കും. കാസര്‍കോഡ് ജില്ലാസമ്മേളനത്തിന്റെ ചട്ടഞ്ചാലില്‍ നടക്കുന്ന പൊതു സമ്മേളനം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
 

വെബ്ദുനിയ വായിക്കുക