അന്വേഷണകാര്യങ്ങള്‍ സര്‍ക്കാരിനോട് പറയുന്നില്ല, എഡിജിപിയെ മാറ്റാന്‍ നീക്കം

ബുധന്‍, 21 ജനുവരി 2015 (10:22 IST)
ബാര്‍കോഴ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കം. വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോമസിനെ സ്ഥാനക്കയറ്റം നല്കി അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കാനാണ് ആലോചിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച തീരുമാനം എടുത്തേക്കും എന്നാണ് സൂചന.
 
ജോലിയില്‍ കര്‍ക്കശക്കാരനായ ജേക്കബ് തോമസ് ബാര്‍കോഴ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാറില്ല. ഇക്കാരണത്താല്‍ അന്വേഷണം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ സ്ഥാനക്കയറ്റം നല്കി അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നത്.
 
നിലവില്‍ ജേക്കബ് തോമസിന് പ്രമോഷന്‍ ലഭിക്കേണ്ട സമയമാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം നല്കാനാണ് ആലോചിക്കുന്നത്. നിലവില്‍ വിന്‍സന്‍ എം പോള്‍ ആണ് വിജിലന്‍സ് ഡി ജി പി. ജേക്കബ് തോമസിന് വിജിലന്‍സ് ഡി ജി പി ആയി സ്ഥാനക്കയറ്റം നല്കുകയാണെങ്കില്‍ വിന്‍സന്‍ എം പോളിനെയും മറ്റ് ഏതെങ്കിലും തസ്തികയിലേക്ക് മാറ്റേണ്ടി വരും.

വെബ്ദുനിയ വായിക്കുക