ഇന്റർനെറ്റ് എക്സ്പ്ലോറര്‍ മരിച്ചു, പകരം ഇനി എഡ്ജ് വരും
വ്യാഴം, 30 ഏപ്രില്‍ 2015 (18:49 IST)
ഇന്റർനെറ്റ് എക്സ്പ്ലോററിന് പകരം പുതിയ ബ്രൗസറുമായി മൈക്രോസോഫ്റ്റ് രംഗത്ത്.എഡ്ജ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ബ്രൗസർ വിൻഡോസ് പത്തിനോടൊപ്പം ഈ വർഷം തന്നെ മൈക്രോസോഫ്റ്റ് ഉപയോക്താക്കളെ തേടിയെത്തും. പ്രോജക്ട് സ്പാർട്ടൻ എന്ന പേരിൽ ഈ വർഷം ജനുവരിയിൽ തന്നെ പുതിയ ബ്രൗസറിനെപ്പറ്റി മൈക്രോസോഫ്റ്റ് ലോകത്തെ അറിയിച്ചിരുന്നു . അടുത്ത രണ്ട് മൂന്ന് വർഷത്തിനകം 1 ബില്യൺ കമ്പ്യൂട്ടറുകളിൽ വിൻഡോസ് പത്തിനൊപ്പം എഡ്ജ് എത്തുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ
ഉടൻ പുറത്തിറക്കുന്ന വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഡിഫോൾട്ട് ബ്രൗസർ ‘എഡ്ജ്’ ആയിരിക്കും. മിനിമലിസ്റ്റ് ശൈലിയിൽ ഒരുക്കിയിരിക്കുന്ന എഡ്ജിൽ ബിൽറ്റ് ഇൻ റീഡറും, സോഷ്യൽ മീഡിയ ഷെയറിങ് ഒപ്ഷനും നോട്ടുകൾ കുറിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടായിരിക്കും. പ്രോജക്ട് സ്പാർട്ടൻ എന്ന പേരിട്ട പ്രോജക്ടിൽ പിറവികൊണ്ട പുതിയ ബ്രൗസറിന് ഔദ്യോഗികമായി പേര് നൽകിയിരുന്നില്ല.
1995 ല്‍ രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 1990 കളുടെ അവസാനം 'നെറ്റ്‌സ്‌കേപ് നാവിഗേറ്റര്‍' ( Netscape Navigator ) ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. വിന്‍ഡോസ് ഒഎസിനൊപ്പം ഉപയോക്താക്കളുടെ പക്കലെത്തിയ ആ ബ്രൗസറിന് ഒരു ഘട്ടത്തില്‍ 100 കോടി യുസര്‍മാര്‍ വരെയുണ്ടായിരുന്നു.
എന്നാല്‍, മോസില്ല കമ്പനിയുടെ 'ഫയര്‍ഫോക്‌സ്' ( Firefox ) ബ്രൗസറും, തുടര്‍ന്ന് ഗൂഗിളിന്റെ 'ക്രോം' ( Google Chrome ) ബ്രൗസറും രംഗം പിടിച്ചതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രതാപം അസ്തമിക്കാന്‍ തുടങ്ങി. വേഗവും സുരക്ഷയും കുറവ്-ഇതാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരിട്ട പ്രധാന പോരായ്മ. ഈ പോരായ്മകള്‍ നികത്താന്‍ മൈക്രോസോഫ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല.ഒടുവില്‍ പരാജയം സമ്മതിച്ച് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ തന്നെ വേണ്ട എന്ന് മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു.