2016-17 സാമ്പത്തികവര്‍ഷം 3000 കോടിയായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ഐടി ഉല്‍പ്പന്ന കയറ്റുമതിയുടെ മൂല്യം. അന്ന് 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ബില്‍ട്ട്അപ് സ്പേസുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, എട്ടുവര്‍ഷത്തിനിപ്പുറം 582 കമ്പനികളിലായി 70,000ത്തോളം ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി ബില്‍ട്ട്അപ് സ്പേസുമാണുള്ളത്.
കോവിഡ് പ്രതിസന്ധിയില്‍ ലോകമെമ്പാടും യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന ഡിജിറ്റലൈസേഷന്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്‍ഫോ പാര്‍ക്കിലെ കമ്പനികള്‍ക്കായി. ഇതുമൂലം കമ്പനികളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനികള്‍ പരമാവധി പരിശ്രമിച്ചു. മാറുന്ന സാങ്കേതിക വിദ്യയ്ക്കനുസരിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും അവസരത്തിനൊത്തുയരുന്നതിനും ഐടി മേഖല കാണിച്ച താല്‍പ്പര്യവും ഇന്‍ഫോപാര്‍ക്കിലെ നേട്ടത്തിനു പിന്നിലുണ്ട്.
നവംബറില്‍ 20-ാം പിറന്നാള്‍മധുരം നുകരുന്ന ഇന്‍ഫോപാര്‍ക്ക്, മികവിലും നേട്ടങ്ങളിലും കേരളത്തിന് അഭിമാനമാവുകയാണ്. കാക്കനാടുള്ള ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന്, രണ്ട് എന്നിവ കൂടാതെ കൊരട്ടിയിലും ചേര്‍ത്തലയിലും ക്യാമ്പസുണ്ട്. 87.46 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലും രണ്ടിലുമായുള്ളത്. 67,000ന് അടുത്ത് ഐടി ജീവനക്കാരുണ്ട്. 503 കമ്പനികളും. കൊരട്ടി ക്യാമ്പസില്‍ 58 കമ്പനികളും 2000ല്‍പ്പരം ജീവനക്കാരുമുണ്ട്. ചേര്‍ത്തലയില്‍ 21 കമ്പനികളും 300ല്‍പ്പരം ജീവനക്കാരുമുണ്ട്.