IPL 2020: ഒമ്പത് സിക്‍സറുകള്‍, 19 പന്തുകളില്‍ 50; സഞ്‌ജു സാംസണ്‍ സൂപ്പര്‍മാന്‍ !

സുബിന്‍ ജോഷി

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (20:48 IST)
ടോസ് നേടിയെങ്കിലും രാജസ്ഥാനെതിരെ ബൌളിംഗ് മതിയെന്ന് എം എസ് ധോണി തീരുമാനമെടുക്കുമ്പോള്‍ ഇങ്ങനെയൊരു കാര്യം അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല. രാജസ്ഥാനൊപ്പം സഞ്ജു സാംസണ്‍ എന്ന അസാധാരണ പ്രതിഭ കളിക്കുന്നുണ്ടെന്ന്. സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ചെന്നൈ ചൂടന്‍ പ്രഹരമേറ്റുവാങ്ങിയപ്പോള്‍ ധോണി തന്നെ ഒരു പക്ഷേ തന്‍റെ തീരുമാനത്തെ പഴിച്ചിട്ടുണ്ടാവാം.
 
32 പന്തുകളില്‍ നിന്ന് 74 റണ്‍സ് നേടി സഞ്ജു പുറത്താകുമ്പോള്‍ തന്നെ രാജസ്ഥാന്‍ മികച്ച സ്കോറിലേക്ക് എത്തുമെന്ന് ഏവര്‍ക്കും ഉറപ്പായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഒരു ബൌണ്ടറിയും ഒമ്പത് പടുകൂറ്റന്‍ സിക്സറുകളുമാണ് സഞ്ജു പായിച്ചത്. 
 
19 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച സഞ്ജു അതിന് ശേഷവും തന്‍റെ ആക്രമണം തുടരുകയായിരുന്നു. ചെന്നൈയുടെ ബൌളര്‍മാരില്‍ പീയൂഷ് ചൌളയാണ് ഏറ്റവും കൂടുതല്‍ തല്ലുകൊണ്ടത്. ആദ്യ രണ്ട് ഓവറുകളില്‍ അദ്ദേഹം വഴങ്ങിയത് ആറ് സിക്‍സറുകള്‍.
 
കൂറ്റനടിക്കാരനായ സ്റ്റീവ് സ്മിത്തിനെ പോലും ഒരറ്റത്ത് കാഴ്‌ചാക്കാരനാക്കിക്കൊണ്ടാണ് സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവച്ചത്. ദേവ്‌ദത്ത് പടിക്കലിന്‍റെ അര്‍ദ്ധ സെഞ്ച്വറി ആഘോഷങ്ങള്‍ക്ക് ഒരു ശമനമുണ്ടായെങ്കില്‍ മലയാളികള്‍ക്ക് ഇനി സഞ്ജു സാംസണ്‍ വിശേഷങ്ങള്‍ ആഘോഷിക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍