ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണെങ്കിലും ഐപിഎല്ലില്‍ കഴിഞ്ഞ കുറെ നാളുകളായി വാഷിങ്ങ്ടണ്‍ സുന്ദറിന്റെ പ്രകടനം മോശമെന്ന് കണക്കുകള്‍. ഐപിഎല്ലിലും ഇന്ത്യന്‍ ദേശീയ ടീമിലും കളിച്ച് ഏറെ പരിചയസമ്പത്തുണ്ടെങ്കിലും ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരമുള്ള പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ താരത്തിനായിട്ടില്ല. ഐപിഎല്ലില്‍ 9 സീസണുകള്‍ പിന്നിട്ടിട്ടും ഒരു അര്‍ധസെഞ്ചുറി പോലും താരം നേടിയിട്ടില്ലെന്ന കണക്കുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 49 റണ്‍സാണ് സുന്ദറിന്റെ ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോര്‍. അതും 2 തവണ മാത്രമാണ് താരം നേടിയത്. മധ്യനിരയില്‍ 9 വര്‍ഷത്തോളം അവസരം ലഭിച്ചിട്ടാണ് ഈ കണക്കുകള്‍ എന്നതാണ് ശ്രദ്ധേയം
ഓള്‍റൗണ്ടറായ താരത്തിന്റെ ബൗളിങ്ങും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല.കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഒരു മത്സരത്തില്‍ 3 വിക്കറ്റ് പോലും നേടാന്‍ താരത്തിനായിട്ടില്ല. ഇതോടെ സ്പിന്‍ ഓള്‍റൗണ്ടറെന്ന താരത്തിന്റെ കാര്യക്ഷമതയേയാണ് ഈ കണക്കുകള്‍ ചോദ്യം ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൃത്യതയുള്ള ബൗളറാണെങ്കിലും ഐപിഎല്ലില്‍ എന്തുകൊണ്ടാണ് സുന്ദറിന് പ്രകടനം ആവര്‍ത്തിക്കാനാവാത്തത് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.