Virat Kohli: സ്വന്തം ടീമിനേക്കാള്‍ വലുതാണോ ഓറഞ്ച് ക്യാപ്? കോലിയെ പരിഹസിച്ച് ആരാധകര്‍

രേണുക വേണു

വെള്ളി, 26 ഏപ്രില്‍ 2024 (10:37 IST)
Virat Kohli: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിക്ക് രൂക്ഷ വിമര്‍ശനം. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലെ മെല്ലെപ്പോക്ക് ഇന്നിങ്‌സാണ് താരത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. ടീമിനെ ജയിപ്പിക്കുന്നതിനേക്കാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കാണോ കോലി പ്രാധാന്യം നല്‍കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. ഈ നിലയ്ക്കാണ് കോലി ബാറ്റ് ചെയ്യുന്നതെങ്കില്‍ ട്വന്റി 20 ലോകകപ്പില്‍ കളിക്കാതിരിക്കുകയാണ് നല്ലതെന്നും ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിച്ചു. 
 
ഹൈദരബാദിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് വേണ്ടി 43 പന്തുകള്‍ നേരിട്ടാണ് കോലി 51 റണ്‍സ് നേടിയത്. നാല് ഫോറും ഒരു സിക്‌സും അടങ്ങിയതാണ് കോലിയുടെ ഇന്നിങ്‌സ്. വെറും 118.60 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒന്‍പത് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായ വില്‍ ജാക്‌സ് ഒഴികെ ബെംഗളൂരുവിന് വേണ്ടി ബാറ്റ് ചെയ്ത എല്ലാ താരങ്ങള്‍ക്കും കോലിയേക്കാള്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. 220 ന് പുറത്ത് പോകേണ്ട ടീം സ്‌കോര്‍ 206 ല്‍ അവസാനിക്കാന്‍ കാരണം കോലിയുടെ വേഗത കുറഞ്ഞ ഇന്നിങ്‌സാണ്. 
 
ഓപ്പണറായി ക്രീസിലെത്തിയ കോലി പവര്‍പ്ലേയില്‍ 18 പന്തില്‍ 32 റണ്‍സ് നേടി. 177.78 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. പവര്‍പ്ലേ കഴിഞ്ഞ ശേഷം 25 പന്തുകള്‍ നേരിട്ടു. നേടിയത് 76 സ്‌ട്രൈക്ക് റേറ്റില്‍ വെറും 19 റണ്‍സ്. പവര്‍പ്ലേക്ക് ശേഷം ഒരു ബൗണ്ടറി പോലും കോലി നേടിയിട്ടില്ല. ട്വന്റി 20 ഫോര്‍മാറ്റില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത സ്‌കോറിങ് ആണിത്. മധ്യ ഓവറുകളില്‍ കോലി വളരെ മോശമായാണ് ബാറ്റ് ചെയ്യുന്നതെന്ന് പലവട്ടം വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനെ അടിവരയിടുന്നതാണ് ഹൈദരബാദിനെതിരായ ഇന്നിങ്‌സും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍