Virat Kohli: ആമ ഇതിലും വേഗത്തില്‍ ഓടും ! ഓറഞ്ച് തൊപ്പി ഉണ്ടായിട്ടും കോലിക്ക് നാണക്കേട്; പിന്നില്‍ ശ്രേയസ് അയ്യര്‍ മാത്രം

രേണുക വേണു

വെള്ളി, 26 ഏപ്രില്‍ 2024 (17:35 IST)
Virat Kohli: ഐപിഎല്ലിലെ വേഗത കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ 'എയറില്‍' പോയി ആര്‍സിബി താരം വിരാട് കോലി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലെ പ്രകടനമാണ് കോലിക്കെതിരായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണം. ഹൈദരബാദിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് വേണ്ടി 43 പന്തുകള്‍ നേരിട്ടാണ് കോലി 51 റണ്‍സ് നേടിയത്. നാല് ഫോറും ഒരു സിക്സും അടങ്ങിയതാണ് കോലിയുടെ ഇന്നിങ്സ്. വെറും 118.60 ആണ് സ്ട്രൈക്ക് റേറ്റ്. ഒന്‍പത് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായ വില്‍ ജാക്സ് ഒഴികെ ബെംഗളൂരുവിന് വേണ്ടി ബാറ്റ് ചെയ്ത എല്ലാ താരങ്ങള്‍ക്കും കോലിയേക്കാള്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് ഉണ്ട്. 
 
ഈ സീസണിലെ നാണക്കേടിന്റെ പട്ടികയില്‍ തന്റെ പേര് ചേര്‍ത്തിരിക്കുകയാണ് കോലി. ഈ സീസണില്‍ മധ്യ ഓവറുകളില്‍ മിനിമം നൂറ് റണ്‍സുള്ളവരില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റുള്ള അഞ്ച് ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാമതാണ് കോലി ഇപ്പോള്‍. 123.28 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. 119.09 സ്‌ട്രൈക്ക് റേറ്റുള്ള ശ്രേയസ് അയ്യരാണ് ഒന്നാമത്. ഏദന്‍ മാര്‍ക്രം, സായ് സുദര്‍ശന്‍, കെ.എല്‍.രാഹുല്‍ എന്നിവരാണ് കോലിക്ക് പിന്നില്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. 
 
ഹൈദരബാദിനെതിരായ മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ കോലി പവര്‍പ്ലേയില്‍ 18 പന്തില്‍ 32 റണ്‍സ് നേടി. 177.78 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. പവര്‍പ്ലേ കഴിഞ്ഞ ശേഷം മധ്യ ഓവറുകളില്‍ 25 പന്തുകള്‍ നേരിട്ടു. നേടിയത് 76 സ്ട്രൈക്ക് റേറ്റില്‍ വെറും 19 റണ്‍സ്. പവര്‍പ്ലേക്ക് ശേഷം ഒരു ബൗണ്ടറി പോലും കോലി നേടിയിട്ടില്ല. ട്വന്റി 20 ഫോര്‍മാറ്റില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത സ്‌കോറിങ് ആണിത്. മധ്യ ഓവറുകളില്‍ കോലി വളരെ മോശമായാണ് ബാറ്റ് ചെയ്യുന്നതെന്ന് പലവട്ടം വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനെ അടിവരയിടുന്നതാണ് ഹൈദരബാദിനെതിരായ ഇന്നിങ്സും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍