വമ്പൻ തുക!, 16,000 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർല ഗ്രൂപ്പ്

അഭിറാം മനോഹർ

ബുധന്‍, 25 മാര്‍ച്ച് 2026 (10:11 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏറ്റെടുത്ത് ആദിത്യ ബിര്‍ല ഗ്രൂപ്പ്.16,000 കോടിയിലധികം രൂപയ്ക്കാണ് റ്റീമിനെ ആദിത്യ ബിര്‍ല ഗ്രൂപ്പുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വില്പന സംബന്ധിച്ച നടപടി ക്രമങ്ങള്‍ നടന്നുവരികയായിരുന്നു. 1.78 ബില്യണ്‍ യുഎസ് ഡോളറിനാണ്(16,706 കോടി ഇന്ത്യന്‍ രൂപ) ഇടപാട്.
 
ആദിത്യ ബിര്‍ല ഗ്രൂപ്പിനൊപ്പം ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവയും ഉള്‍പ്പെട്ട കോണ്‍സോര്‍ട്ടിയമാണ് ആര്‍സിബിയെ സ്വന്തമാക്കിയത്. മുന്‍ ഉടമസ്ഥരായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് ഫ്രാഞ്ചൈസി വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടീമിന്റെ മുഴുവന്‍ ഓഹരികളും പുതിയ കണ്‍സോര്‍ഷ്യം സ്വന്തമാക്കി. ആര്‍സിബിയുടെ പുരുഷ, വനിതാ ടീമുകളെല്ലാം ഇതോടെ പുതിയ ഉടമകളുടെ കീഴിലാകും.
 
16,000 കോടിയിലധികം വിലമതിപ്പോടെ ആര്‍സിബി ഐപിഎലിലെ ഏറ്റവും വിലകൂടിയ ടീമായി മാറി.കഴിഞ്ഞ ജൂണിലാണ് ആര്‍സിബിയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യ കമ്പനിയായ ഡിയാജിയോ അറിയിച്ചത്. ആര്‍സിബി തങ്ങളുടെ കന്നികിരീടം നേടിയതിന് പിന്നാലെയായിരുന്നു നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍