മിടുക്കനായിരുന്നു, പിന്നെ എന്തൊക്കെയോ സംഭവിച്ചു, പതിയെ ഇങ്ങനെയായി

വ്യാഴം, 20 ഏപ്രില്‍ 2023 (20:46 IST)
പ്രതിഭാധാരാളിത്തമുള്ള ഇന്ത്യൻ ക്രിക്കറ്റിൽ ഭാവിയിലെ ഇന്ത്യയുടെ പ്രധാനതാരമാകുമെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള താരമായിരുന്നു കെ എൽ രാഹുൽ. 3 ഫോർമാറ്റിലും അനുയോജ്യമായ രീതിയിൽ ബാറ്റ് വീശാൻ കഴിവുണ്ടായിരുന്ന താരം ടി20യിലെ മിന്നൽ പ്രകടനങ്ങൾ നടത്തി അവിടെയും കഴിവ് തെളിയിച്ച താരമാണ്.
 
ഐപിഎല്ലിലെ ഏറ്റവും വേഗതയാർന്ന ഫിഫ്റ്റി, തുടരെ സെഞ്ചുറികൾ, അനായാസമായി സിക്സുകൾ നേടാനുള്ള കഴിവുകൾ എന്നിവ കെ എൽ രാഹുലിൻ്റെ താരമൂല്യം ഉയർത്തി. 2016,2018 ഐപിഎൽ സീസണുകളിൽ 150നോട് അടുത്ത് സ്ട്രൈക്ക്റേറ്റിൽ ബാറ്റ് വീശിയിരുന്ന വമ്പൻ അടിക്കാരൻ പെട്ടെന്നായിരുന്നു തൻ്റെ കളിശൈലി തന്നെ മാറ്റിയെഴുതിയത്. നിർഭയം എതിർ ബൗളർമാരെ പ്രഹരിച്ചിരുന്ന താരം തൻ്റെ വിക്കറ്റ് സംരക്ഷിക്കുന്നതിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ ഐപിഎല്ലിലെ തീപ്പൊരി പ്രകടനങ്ങളുടെ പേരിൽ ശ്രദ്ധ നേടിയ താരം റൺസുകൾ കണ്ടെത്തുമ്പോഴും ടീമിന് പലപ്പോഴും ബാധ്യതയാകുകയാണ്.
 
2013ലെ ഐപിഎൽ സീസണിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2016 സീസണിലായിരുന്നു രാഹുലിൻ്റെ മികവ് ക്രിക്കറ്റ് ലോകം അറിഞ്ഞത്. സീസണിൽ ബാറ്റ് ചെയ്ത 12 ഇന്നിങ്ങ്സിൽ നിന്ന് 44 എന്ന ബാറ്റിംഗ് ശരാശരിയിൽ താരം 397 റൺസ് അടിച്ചെടുത്തത് 146 എന്ന മികച്ച സ്ട്രൈക്ക്റേറ്റിലായിരുന്നു. 2018ലെ ഐപിഎൽ സീസണിലാകട്ടെ 14 ഇന്നിങ്ങ്സിൽ നിന്നും 54.9 ബാറ്റിംഗ് ശരാശരിയിൽ 659 റൺസാണ് താരം നേടിയത്. 158 എന്ന മികച്ച സ്ട്രൈക്ക്റേറ്റിലായിരുന്നു താരത്തിൻ്റെ നേട്ടം.
 
എന്നാൽ 2108ന് ശേഷം സ്ഫോടനാത്മകമായ തൻ്റെ ബാറ്റിംഗ് ശൈലി രാഹുൽ മാറ്റിയെഴുതി. തൻ്റെ വിക്കറ്റ് സംരക്ഷിച്ചുകൊണ്ട് കൂടുതൽ റൺസുകൾ കണ്ടെത്തുക എന്ന ശൈലിയിലേക്ക് രാഹുൽ മാറിയതോടെ പവർ പ്ലേയിലെ റൺസിൻ്റെ കുറവ് മൂലം ടീമിനെയാണ് അത് പ്രത്യക്ഷമായി ബാധിച്ചത്. 2019 മുതൽ 2021 വരെ രാഹുൽ പഞ്ചാബ് കിംഗ്സിൽ തുടർന്ന സമയത്ത് ഐപിഎല്ലിൽ കാര്യമായൊന്നും നേടാൻ പഞ്ചാബിനായില്ല. രാഹുൽ റൺസ് കണ്ടെത്തികൊണ്ടിരുന്നെങ്കിലും ടീമിന് അതിൻ്റെ ഗുണം ലഭിച്ചില്ലെന്ന് രാഹുൽ കഴിഞ്ഞ വർഷങ്ങളിൽ കളിച്ച ഫ്രാഞ്ചൈസികൾ നമുക്ക് തെളിവ് നൽകുന്നു.
 
2018 മുതൽ ഐപിഎല്ലിൽ തുടർച്ചയായി 500ന് മുകളിൽ റൺസ് കണ്ടെത്താൻ രാഹുലിനാകുന്നുണ്ട്. കണക്കുകളിൽ മികച്ച് നിൽക്കുമ്പോഴും 40-50 റൺസിലെത്താൻ രാഹുൽ നേരിടുന്ന പന്തുകളുടെ കണക്കെടുക്കുമ്പോൾ ടീമിനെയാണ് ഇത് പ്രകടമായി ബാധിക്കുന്നതെന്ന് കാണാം. 2022 സീസണിൽ 51 ശരാശരിയിൽ 135 സ്ട്രൈക്ക് റേറ്റിൽ 616 റൺസാണ് കെ എൽ രാഹുൽ നേടിയത്. ഈ സീസണിൽ കളിച്ച 6 ഇന്നിങ്ങ്സിൽ നിന്നും 32.33 ശരാശരിയിൽ 194 റൺസാണ് താരം നേടിയത്. എന്നാൽ 40ന് മുകളിൽ റൺസ് സ്ഥിരമായി കണ്ടെത്തുന്നതിൽ പരാജയമായതോടെ 114 എന്ന സ്ട്രൈക്ക്റേറ്റാണ് താരത്തിന് ഈ സീസണിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍