ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവതാരം ആയുഷ് മാത്രെയ്ക്ക് ആണ് ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുക. ചെന്നൈ സൂപ്പർ കിങ്‌സ് സമൂഹമാധ്യമത്തിലെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയാണ് 18 കാരൻ ആയുഷിനു കാലിലെ പേശിക്ക് പരുക്കേറ്റത്. 6-12 ആഴ്ചയെങ്കിലും പൂർണ വിശ്രമം ആവശ്യമാണ്. അതിനാൽ ഐപിഎലിൽ താരത്തിനു ഇനി കളിക്കാൻ സാധിക്കില്ല. ഇന്നലെ മുംബൈയിലെത്തിയ ആയുഷ്, സ്‌കാനിങ്ങിനു വിധേയനായിരുന്നു. പരിശോധനയിൽ പരുക്ക് ഗുരുതരമാണെന്നു വ്യക്തമായതോടെയാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.
ഈ സീസണിൽ ചെന്നൈയുടെ ടോപ് സ്‌കോററാണ് ആയുഷ്. സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തുമ്പോൾ ആറ് കളികളിൽ നിന്ന് 201 റൺസുമായി ചെന്നൈയ്ക്കു ആശ്വാസമായിരുന്നു ആയുഷ്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ആയുഷ് പുറത്താകുന്നതോടെ ചെന്നൈയ്ക്കു കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.