ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ നടത്തിയ ഒരു അവിസ്മരണീയ പ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാഗ്ലൂര്‍ താരം മന്‍ദീപ് സിങ്ങിനെയാണ് സാഹ, അവിസ്മരണീയ ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തിന്റെ പതിനാലാം ഓവറിലാണ് സാഹ തന്റെ കീപ്പിങ് മികവ് സ്റ്റേഡിയത്തിന് സമ്മാനിച്ചത്.
വരുണ്‍ ആരോണ്‍ എറിഞ്ഞ പന്ത് ബാംഗ്ലൂരിന്റെ മന്‍ദീപ് സിങ് ഉയര്‍ത്തിയടിച്ചു. പന്ത് സാഹയയുടെ തലക്കുമുകളിലൂടെ പിന്നോട്ടാണ് പോയത്. ഉയര്‍ന്ന പന്തിനോടൊപ്പം പിന്നോട്ടോടിയ സാഹ അസാമാന്യ മെയ്‌വഴക്കത്തോടെയാണ് പന്ത് കൈപ്പിടിയിലൊതുക്കിയത്. പന്തിനു പുറകെ ഓടിയ സാഹ അവസാന നിമിഷം തിരിഞ്ഞ് ചാടിയാണ് പന്ത് തന്റെ കൈപ്പിടിയിലൊതുക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂര്‍ 148 റണ്‍സാണ് നേടിയത്. സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തിന്റെ മികവിലായിരുന്നു പൊരുതാവുന്ന സ്‌കോര്‍ പഞ്ചാബിനു മുന്നില്‍ വച്ചത്. ഒമ്പത് സിക്‌സറുകളുടെ കമ്പടിയോടെ 49 പന്തില്‍ 89 റണ്‍സായിരുന്നു ഡിവില്ലിയേഴ്‌സിന്റെ സംഭാവന.