IPL 10: ത്രിപാദിയുടെ ബാറ്റ് തീ തുപ്പി; കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ പുനെ മൂന്നാം സ്ഥാനത്ത്

വ്യാഴം, 4 മെയ് 2017 (10:08 IST)
ഐ പി എൽ പത്താം സീസണിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പൂനെ സൂപ്പർ ജയന്റ്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്സിനെ നാലു വിക്കറ്റിനാണ് പൂനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഉയർത്തിയ ലക്ഷ്യമായ 155 റണ്‍സ് മറികടക്കാന്‍ യുവതാരം രാഹുല്‍ ത്രിപാദിയുടെ വെടിച്ചില്ല് ബാറ്റിംഗ് മികവാണ്  സഹായകമായത്. ഈ ജയത്തോടെ പുനെ പോയിന്റ്​ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക്​കയറുകയും ചെയ്തു. 
 
52 പന്തിൽ ഏഴ്​സിക്സും ഒമ്പത്​ബൗണ്ടറിയും പറത്തിയ ത്രിപാദി 93 റൺസ് നേടിയാണ്​ ടീമിനെ വിജയത്തിലേക്ക്​ നയിച്ചത്​. അജിൻക്യ രഹാനെ (11), സ്റ്റീവ്​ സ്മിത്ത്​ (9), മനോജ്​തിവാരി (8), ബെൻ സ്റ്റോക്സ്​ (14), എംഎസ് ധോണി (5) എന്നിവരെല്ലാം പരാജയപ്പെട്ടപ്പോള്‍ കൂട്ടിനാരുമില്ലാതെയാണ് ത്രിപാദി ബാറ്റ്​വീശിയത്.  പത്തൊന്‍പതാം ഓവറില്‍ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ ക്രിസ്​വോക്സിന്റെ പന്തിൽ പുറത്താവുമ്പോൾ പുനെ സീസണിലെ ഏഴാം വിജയാഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു. 
 
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്ക്​ഓപണർ സുനിൽ നരെയ്നെ (0) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. മധ്യനിരയിൽ 32 പന്തിൽ 37 റണ്‍സുമായി മനീഷ്​ പാണ്ഡെയും 19 പന്തിൽ 36 റണ്‍സുമായി കോളിൻ ഗ്രാൻഡ്​ഹാമും 16 പന്തിൽ 30 സൂര്യകുമാർ യാദവും ചേര്‍ന്നാണ് കൊല്‍ക്കത്തയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. ക്യാപ്​റ്റൻ ഗൗതം ഗംഭീറിന് 19 പന്തിൽ 24 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഐ പി എല്ലില്‍ കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്​. 

വെബ്ദുനിയ വായിക്കുക