ധോണിയെ രക്ഷിക്കാന്‍ ‘വിപ്ലവം’ പൊട്ടിപ്പുറപ്പെട്ടു!

ശനി, 15 ഏപ്രില്‍ 2017 (14:59 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സ്വപ്‌നം കണ്ടിരുന്ന നേട്ടങ്ങള്‍ രാജ്യത്തിന് നേടിക്കൊടുത്ത മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഐപിഎല്‍ പത്താം സീസണില്‍ തുടരുന്ന മോശം ഫോമാണ് അദ്ദേഹത്തിനിപ്പോള്‍ വിനയായത്.

പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഗുജറാത്ത് ലയണ്‍സിനോട് പൂനെ പരാജയപ്പെട്ടതാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനായ ധോണിക്ക് തിരിച്ചടിയായത്.

ധോണിയെ പൂനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം തുടരണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഇരു കൂട്ടരും നവമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.
ധോണിയെ പുറത്താക്കണമെന്ന് അര്‍ത്ഥമാക്കുന്ന #DhoniDropped എന്ന ഹാഷ് ടാഗുമായാണ് ധോണി വിരുദ്ധരരുടെ പ്രചരണം. എതിര്‍ പ്രചരണങ്ങളെ നേരിടാന്‍ #WeStandByDhoni എന്ന ഹാഷ് ടാഗുമായി ധോണി ആരാധകരും രംഗത്തെത്തി.

ഫോം നഷ്ടത്തില്‍ ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ധോണി ട്വന്റി-20ക്ക് പറ്റിയ താരമല്ലെന്നായിരുന്നു ദാദയുടെ വിമര്‍ശനം. എന്നാല്‍ ഗാംഗുലിക്ക് മറുപടിയുമായി പൂനെ നായകന്‍ സ്‌റ്റീവ്  സ്‌മിത്ത് രംഗത്തെത്തിയിരുന്നു.

പൂനെ മൂന്ന് മത്സരം മാത്രമാണ് ഈ സീസണില്‍ കളിച്ചത്. മഹി എന്നും ഒരു ഇതിഹാസ താരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഫോമിലെത്താന്‍ ഇനിയും ഒരുപാട് സമയമുണ്ടെന്നുമാണ് സ്‌മിത്ത് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക