അവസാന പന്തുവരെ ആവേശം നിറഞ്ഞ് നിന്ന ഫൈനലിൽ മുംബൈ ഇന്ത്യന്‍സ് ജയം പിടിച്ചെടുത്തപ്പോള്‍ കൈയെത്തും ദൂരത്തുണ്ടായിരുന്ന കിരീടമാണ് റൈസിംഗ് പൂനെ സൂപ്പർ ജയിന്റിന് നഷ്‌ടമായത്. ചെറിയ ടോട്ടല്‍ ആയിട്ടും അവസാന ഓവറിലേക്ക് വരെ മത്സരത്തെ എത്തിച്ച മുംബൈയുടെ ബോളര്‍മാരാണ് പൂനെയുടെ പ്രതീക്ഷകള്‍ക്കു മേല്‍ ആണിയടിച്ചത്.
130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പൂനെയ്‌ക്ക് 128 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചതെന്നത് മുബൈ ബോളര്‍മാരുടെ മികവ് തന്നെയാണ്. ഒരു റണ്‍സെങ്കിലും നേടിയിരുന്നുവെങ്കില്‍ മത്സരം ടൈ ആക്കാനെങ്കിലും സ്‌റ്റീവ് സ്‌മിത്തിനും കൂട്ടര്‍ക്കും സാധിച്ചേനെ. സ്കോർ: മുംബൈ–20 ഓവറിൽ എട്ടിന് 129. പുനെ–20 ഓവറിൽ ആറിന് 128.
അമിതമായ ശ്രദ്ധയിലൂന്നിയുള്ള ബാറ്റിംഗാണ് മുബൈയുടെ തകര്‍ച്ചയ്‌ക്ക് കാരണാമായത്. ഒരു ഘട്ടത്തില്‍ നൂറ് പോലും കടക്കില്ലെന്നും തോന്നിയ മുബൈയെ 129 റൺസിലെത്തിച്ചത് കുനാൽ പാണ്ഡ്യയ (47) ആണ്. എന്നാല്‍, നിസാരമായ ടോട്ടല്‍ പിന്തുടരാന്‍ പൂനെ നിരയില്‍ ആരുമുണ്ടായില്ല എന്നതാണ് സ്‌മിത്തിന്റെയും കൂട്ടരുടെയും പരാജയത്തിന് വഴിവെച്ചത്.
പതിയെ സ്‌കോര്‍ ചലിപ്പിച്ച പൂനെ സ്വയം കുഴിച്ച കുഴിയില്‍ വീണുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സ്‌റ്റീവ് സ്‌മിത്തും (51) അജിങ്ക്യ രഹാനെയും (44) മത്സരത്തിന്റെ ഗതി തിരിച്ചുവിടുമെന്ന് തോന്നിച്ചെങ്കിലും മഹേന്ദ്ര സിംഗ് ധോണിയടക്കമുള്ളവര്‍ ഉത്തരവാദിത്വമില്ലാതെ ബാറ്റ് വീശി. ബെന്‍ സ്‌റ്റോക്‍സിന്റെ അഭാവത്തിന് കനത്ത വില നല്‍കേണ്ടിവരുകയും ചെയ്‌തു.
ആവശ്യമായ വിക്കറ്റുകള്‍ പക്കലുണ്ടായിരുന്നിട്ടും റൺറേറ്റ് കുറഞ്ഞത് പുനെയെ സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ റണ്‍സ് ഉയര്‍ത്താനുള്ള വെപ്രാളവും ശക്തമായി. 17മത് ഓവറില്‍ ധോണി കൂടാരം കയറിയപ്പോള്‍ പോലും സ്‌കോര്‍ നൂറ് കടന്നിരുന്നില്ല എന്നത് കളിയുടെ ഗതിയെ ബാധിച്ചു.
ധോണി കുറച്ചു നേരം കൂടി ക്രീസിലുണ്ടായിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറുമെന്നുറപ്പായിരുന്നു. മുംബൈക്കെതിരായ ആദ്യ ക്വാളിഫയറില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം ധോണി ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചുവെങ്കിലും അദ്ദേഹം നിരാശപ്പെടുത്തിയതും പൂനെയ്‌ക്ക് തിരിച്ചടിയായി.
നിര്‍ണായകമായ 19മത് ഓവറില്‍ സ്‌മിത്ത് സിക്‍സര്‍ നേടിയതോടെ മുംബൈയുടെ കൈയില്‍ നിന്ന് കളി വഴുതുമെന്ന് തോന്നിച്ചു. എന്നാല്‍, അവസാന ഓവറില്‍ ഓസ്ട്രേലിയൻ താരം മിച്ചൽ ജോൺസണ്‍ പൂനെയുടെ സകല പ്രതീക്ഷകളെയും തകര്‍ത്തു. ആവേശം നിറഞ്ഞു നിന്ന അവസാന ഓവറില്‍ സ്‌മിത്തിന്റേതുള്‍പ്പെടെ രണ്ടു വിക്കറ്റുകളെടുത്ത ജോൺസണ്‍ മുംബൈയ്‌ക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു. റൺറേറ്റ് കുറഞ്ഞതും ധോണിയുടെ പുറത്താകലുമാണ് പൂനയെ തോല്‍പ്പിച്ചത്.