ഷാരുഖിന്റെ കള്ളക്കളി മുതല്‍ ചിയര്‍ഗേള്‍സിന്റെ നൃത്തംവരെ വിവാദത്തില്‍; ഐപിഎല്‍ ഇത്തവണയും നിരാശപ്പെടുത്തുമോ ?

ചൊവ്വ, 28 മാര്‍ച്ച് 2017 (14:17 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആരംഭിക്കുന്നതിന് മുമ്പെ വിവാദങ്ങള്‍ക്ക് തുടക്കമായത് ഇത്തവണയും ആശങ്കയുണ്ടാക്കുമോ എന്ന ഭയത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓഹരികൾ വിറ്റതില്‍ ക്രമക്കേട് കണ്ടെത്തിയതും ചിയര്‍ഗേള്‍സിന്റെ നൃത്തം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പറഞ്ഞതുമാണ് ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികൾ മൊറീഷ്യസ് കമ്പനിക്കു വിറ്റതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ടീം ഉടമ ഷാരുഖാൻ, ഭാര്യ ഗൗരി, അഭിനേത്രി ജൂഹി ചാവ്‌ല എന്നിവർക്കു നോട്ടിസ് അയക്കുകയും ചെയ്‌തു. വിദേശകറൻസി വിനിമയം അനുസരിച്ച് 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കണ്ടെത്തൽ.

ചിയര്‍ഗേള്‍സിന്റെ നൃത്തം ഒഴിവാക്കി രാമനെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനങ്ങള്‍ വെയ്ക്കണമെന്നാണ് ദിഗ് വിജയ് സിംഗ് ആവശ്യപ്പെടുന്നത്. ചിയര്‍ഗേള്‍സിനെ ഒഴിവാക്കുന്നില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കരുതെന്നും അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക