അഴിമതി അധികാര ദുര്‍വിനിയോഗം; തായ് പ്രധാനമന്ത്രി വിയര്‍ക്കുന്നു

വെള്ളി, 9 മെയ് 2014 (12:20 IST)
തായ് പ്രധാനമന്ത്രി യിംഗ്‌ലക്ക്‌ ഷിനവത്രയുടെ കഷ്ടകാലം തീരുന്നില്ല. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണഘടനാ കോടതി യിംഗ്‌ലക്ക്‌ ഷിനവത്രയെ പുറത്താക്കിയതിനു പിന്നാലെ അഴിമതി കേസിലും ഷിനവത്രയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി.

ഇതെ തുടര്‍ന്ന് ഷിനവത്രയെ അഞ്ചുവര്‍ഷത്തേക്ക്‌ രാഷ്‌ട്രീയത്തില്‍ നിന്നു വിലക്കാനുതകുന്ന ഇംപിച്ച്‌മെന്റിനും വഴിയൊരുങ്ങി.  ഷിനവത്രയ്‌ക്കെതിരേ കേസ്‌ ചുമത്താന്‍ ദേശീയ അഴിമതി വിരുദ്ധ കമ്മിഷന്‍ ഏകകണ്‌ഠമായി വോട്ട്‌ ചെയ്യുകയായിരുന്നു.

അരി സബ്‌സിഡി അഴിമതിയിലാണ് 46 വയസുകാരിയായ ഷിനവത്ര കുറ്റരോപിതയായിരിക്കുന്നത്. വിപണിവിലയേക്കാള്‍ കൂടിയവിലയ്‌ക്കു കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ നെല്ല്‌ സംഭരിച്ച പദ്ധതിയാണു ഷിനവത്രയെ കുടുക്കിയത്‌. പദ്ധതി വളരെ ചെലവേറിയതാകുകയും കര്‍ഷകര്‍ക്കു പണം നല്‍കാന്‍ സര്‍ക്കാരിനു കഴിയാതെ വരുകയും ചെയ്‌തു.

ഈ പദ്ധതിയില്‍ വന്‍തോതിലുള്ള അഴിമതി നടന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പദ്ധതി തായ്‌ലന്‍ഡിന്റെ സമ്പദ്‌വ്യവസ്‌ഥ തകര്‍ത്തെന്നും രാജ്യത്തിന്റെ നെല്ലുവ്യവസായം തളര്‍ത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഷിനവത്രയ്‌ക്കെതിരേ കേസെടുക്കാനും സെനറ്റിനു റഫര്‍ ചെയ്യാനും മതിയായ തെളിവുണ്ടെന്നുമാണ്‌ കമ്മിഷന്റെ നിഗമനം. സെനറ്റ്‌ കുറ്റം ചുമത്തിയാല്‍ ഷനിവത്രയെ ഇംപീച്ച്‌ ചെയ്യുന്നതിലേക്കു നയിക്കും. അധികാരദുര്‍വിനിയോഗത്തിന്റെ പേരില്‍ ഷിനവത്രയെയും ഒന്‍പതു കാബിനറ്റ്‌ മന്ത്രിമാരേയും ഭരണഘടനാകോടതി കഴിഞ്ഞദിവസം സ്‌ഥാനങ്ങളില്‍നിന്നു പുറത്താക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക