കാറുകളില്‍ കൃത്രിമം കാണിച്ചു, ഫോക്‌സ്‌വാഗണ്‍ നിയമക്കുരുക്കിലേക്ക്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (13:26 IST)
വാഹനമലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച ഫോക്‌സ്‌വാഗണ്‍ വന്‍ പ്രതിസന്ധിയില്‍. കമ്പനിക്കെതിരേ യൂറോപ്യന്‍ രാജ്യങ്ങളില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയിലും മറ്റിടങ്ങളിലും കമ്പനി ക്രിമിനല്‍നടപടികള്‍ നേരിടേണ്ടിവരും. യു.എസ്. നീതിന്യായവകുപ്പ് കമ്പനിക്കെതിരെ ക്രിമിനല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടാതെ യു.എസ്. സംസ്ഥാനങ്ങളിലും നിയമനടപടി നേരിടേണ്ടിവരും.

യൂറോപ്പില്‍ മുഴുവനായും പൊതുവായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സും ബ്രിട്ടനും രംഗത്ത് വന്നു. ജര്‍മ്മനി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. കൃത്രിമം കാണിച്ചെന്ന വാര്‍ത്തകള്‍ മ്പുറത്തുവന്നതിനു പിന്നാലെ യൂറോപ്പില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനി ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞു.  പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ചതി ഒപ്പിച്ചത്.

ഇത് പുറത്തുകൊണ്ടുവന്നത് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഐസിസിടി) ഗവേഷകരാണ്. പരിശോധനകളില്‍ അനുവദനീയമായതിലും 40 മടങ്ങ് നൈട്രജന്‍ ഓക്‌സ്സൈഡ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍  കാറുകള്‍ പുറത്തുവിടുന്നതായി ഇവര്‍ കണ്ടെത്തി. സംഭവം വന്‍ വിവാദമുയര്‍ത്തിയതിനെത്തുടര്‍ന്ന് ഫോക്‌സ്‌വാഗണ്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ലോകമെമ്പാടും വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായാണ് കമ്പനിനടത്തിയ കുറ്റസമ്മതം.

ഏതായാലും കുറഞ്ഞത് 1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ) അമേരിക്കയില്‍ മാത്രം ഫോക്‌സ്‌വാഗണ്‍ പിഴയായി നല്‍കേണ്ടിവരും. മറ്റ് രാജ്യങ്ങളിലെ കേസുകള്‍ കൂടിയാകുമ്പോള്‍ ഫോക്സ്‌വാഗണ്‍ കടക്കെണിയിലാകുമെന്നാണ് കരുതുന്നത്. സംഭവം പുറത്തുവന്നതോടെ കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചിരുന്നു.

ഐക്യരാഷ്ട്ര സംഘടനയും വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി.  ഫോക്‌സ്‌വാഗണ്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. സംഭവം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

വെബ്ദുനിയ വായിക്കുക