യുഎഇയും ചൊവ്വയിലേക്ക് പേടകമയക്കുന്നു!

വ്യാഴം, 17 ജൂലൈ 2014 (17:55 IST)
പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് ആദ്യമായി ബഹിരാകാശ ദൌത്യത്തിന് യുഎഇ തയ്യാറെടുക്കുന്നു. തങ്ങളുടെ പ്രഥമ ദൌത്യം ചൊവ്വയിലേക്ക് പേടകമയക്കലാണെന്ന് യുഎഇ പ്രഖ്യാപിച്ച് കഴിഞ്ഞു.

2021 ഓടെ ആളില്ലാ പേടകം ചൊവ്വയിലേക്ക്‌ അയക്കാനാണ് യുഎഇ പദ്ധതിയിടുന്നത്. ഇതിനായി ബഹിരാകാശ ഏജന്‍സി രൂപീകരിക്കാനും രാജ്യം തയ്യാറെടുക്കുകയാണ്.
 
അറബ് ലോകത്ത് നിന്നും ആദ്യമായാണ് ഒരു രാജ്യം മറ്റൊരു ഗ്രഹത്തിലേക്കുള്ള ദൌത്യം പ്രഖ്യാപിക്കുന്നത്. ഇതോടെ ചൊവ്വാ ദൗത്യമായെത്തുന്ന ഒമ്പതാമത് രാജ്യമായി യുഎഇ മാറും. ബ്രിട്ടനില്‍ നിന്നും സ്വതന്ത്രമായി 1971 ല്‍ രൂപീകൃതമായതിന്റെ അമ്പതാം വാര്‍ഷികത്തിലാണ് യുഎഇ ചരിത്രപരമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
 
നിലവില്‍ അല്‍-യാഹ് സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ് എന്ന പേരില്‍ ഉപഗ്രഹ ഡാറ്റ, ടെലിവിഷന്‍ സംപ്രേക്ഷണ കമ്പനിയും, തുരായ സാറ്റലൈറ്റ് ടെലിക്കമ്മ്യൂണിക്കേഷന്‍സ് എന്ന പേരില്‍ മൊബൈല്‍ ഉപഗ്രഹ വാര്‍ത്താവിനിമയ കമ്പനിയും, ദുബായ്സാറ്റ്‌ എന്ന പേരില്‍ നാവിഗേഷന്‍ സംവിധാനവും യു.എ.ഇ സ്ഥാപിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക