തായ്‌ലന്‍ഡില്‍ കനത്ത പോരാട്ടം; ബുദ്ധസന്യാസിയടക്കം അഞ്ചുപേര്‍ക്കു പരുക്ക്
ശനി, 10 മെയ് 2014 (14:10 IST)
സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടം തായ്‌ലന്‍ഡില്‍ കനക്കുന്നു. സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ ഇന്നലെ പോലീസുമായി തെരുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിട്യ്ക്ക് മുതിര്‍ന്ന ബുദ്ധസന്യാസിയടക്കം അഞ്ചുപേര്‍ക്കു പരുക്കേറ്റതായും വിവരങ്ങളുണ്ട്.
സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആറുമാസമായി പ്രക്ഷോഭം നടത്തുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് റിഫോം കമ്മിറ്റിയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തായ് സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഫോര്‍ പീസ് ആന്‍ഡ് ഓര്‍ഡറിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചിനു നേര്‍ക്കു പോലീസ് കണ്ണീവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഇതിനിടെ തങ്ങ്ലുടെ പ്രസ്താവനകളും സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ ടെലിവിഷന്‍ ചാനലുകളുംകൈയേറി. അധികാരദുര്‍വിനിയോഗത്തിന് ഭരണഘടനാകോടതി പ്രധാനമന്ത്രി യിങ്‌ലക്ക് ഷിനവത്രയെ പുറത്താക്കിയതോടെയാണ് പ്രക്ഷോഭം ശക്തമായത്.
ഷിനവത്രയ്‌ക്കൊപ്പം ഒന്‍പതു കാബിനറ്റ് മന്ത്രിമാരേയും പുറത്താക്കിയെങ്കിലും അവരുടെ പ്യൂ തായി പാര്‍ട്ടിയാണ് കെയര്‍ ടേക്കര്‍ സര്‍ക്കാരായി ജൂലൈ 20ന് നടക്കുന്ന തെരഞ്ഞെടുപ്പ് വരെ അധികാരത്തില്‍ തുടരുന്നത്.