പാരിതോഷികം കരസ്ഥമാക്കാൻ കൊടും ഭീകരനെ അനുയായികൾ വെടിവെച്ചു കൊന്നു

ശനി, 9 മെയ് 2015 (19:12 IST)
അമേരിക്ക തലയ്ക്ക് പത്ത് ലക്ഷം യു‌എസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച കൊടുംഭീകരന്‍ കൊല്ലപ്പെട്ട നിലയില്‍. ഇയാളെ പാരിതോഷികം കരസ്ഥമാക്കാനായി അനുയായികള്‍ തന്നെ കൊലപ്പെടുത്തിയതായാണ് സൂചനകള്‍. ഫിലിപ്പീൻസിലെ ഇസ്ലാമിക ഭീകരൻ അബ്ദുൾ ബാസിത് ഉസ്മാനെയാണ് അനുയായികള്‍ കൊലപ്പെടുത്തിയതായി സംശയിക്കുന്നത്. 
 
എന്നാൽ ഉസ്മാനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന അവകാശവാദവുമായി മോറോ ഇസ്ലാമിക് ലിബറേഷൻ ഫ്രണ്ട് രംഗത്തെത്തി. ഉസ്മാന്റെ മൃതദേഹം ഇസ്ളാമിക രീതിയനുസരിച്ച് സംസ്കരിച്ചതായും മോറോ ലിബറേഷൻ ഫ്രണ്ടിന്റെ വൈസ് ചെയർമാൻ ഗസാലി ജാഫർ പറഞ്ഞു.  
 
അബ്ദുൾ ബാസിത് ഉസ്മാന് ആഗോള ഭീകര സംഘടനയായ അല്‍ഖ്വായ്ദയുമായി ബന്ധമുണ്ട്. തെക്കൻ ഫിലിപ്പീൻസിൽ നടന്ന നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനായിരുന്ന ഇയാളെ ഫിലിപ്പിന്‍ സുരക്ഷാ സേന 2002 മുതല്‍ തിരഞ്ഞുവരികയായിരുന്നു.  അബുസയ്യാഫുമായും ജെമ ഇസ്ലാമിയ ഗ്രൂപ്പുമായും അടുത്ത ബന്ധം പുലർത്തുന്ന ബോംബ് നിർമ്മാണ വിദഗ്ദ്ധനാണ് അബ്ദുൾ ബാസിത് ഉസ്മാൻ. ഉസ്മാനോടൊപ്പം അഞ്ച് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട് . 

വെബ്ദുനിയ വായിക്കുക