‍വ്യഭിചാരത്തിന് ശിക്ഷിക്കപ്പെട്ട യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

വെള്ളി, 30 മെയ് 2014 (11:00 IST)
മതനിന്ദയ്ക്കും വ്യഭിചാരത്തിനും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്ത്രീ തടവറയില്‍ ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. മെറിയം യാഹിയാ ഇബ്രാഹിമാണ്‌ തടവറിയില്‍ ഇരുകാലുകളും ബന്ധിക്കപ്പെട്ട അവസ്ഥയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്‌.

മുസ്ലീം രാജ്യമായ സുഡാനിലെ നിയമം അനുസരിച്ച്‌ ഇസ്ലാമല്ലാത്ത ഒരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതിനെ വ്യഭിചാര കുറ്റമായാണ്‌ കാണുന്നത്‌. ഇതിനാണ്‌ സുഡാന്റെ തലസ്ഥാനമായ കാര്‍തൗമിലെ കോടതി മെറിയത്തെ വധശിക്ഷക്ക്‌ വിധിച്ചത്‌.

ഇവരുടെ ഭര്‍ത്താവ്‌ ഡാനിയേല്‍ വാനി  ക്രിസ്ത്യന്‍ മതവിശ്വാസിയാണ്‌. ഇയാളെ വിവാഹം കഴിച്ച മെറിയം ഇസ്ലാം മത വിശ്വാസിയും. വിചാരണക്കാലയളവില്‍ മെറിയം ഗര്‍ഭിണിയായതിനാലാണ്‌ വധശിക്ഷ നടപ്പാക്കുന്നത്‌ നീട്ടി വച്ചത്‌. ഇവരെ പിന്നീട്‌ തടവറയില്‍ ചങ്ങലയിട്ടു പൂട്ടുകയും ചെയ്തു.

എന്നാല്‍ മെറിയം ആംനിസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടിടുണ്ട്‌. ആറു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയാണ്‌ ആംനിസ്റ്റി ഇന്റര്‍നാഷണല്‍ മെറിയത്തിന്റെ മോചനത്തിനായി ശേഖരിച്ചിരിക്കുന്നത്‌.

മെറിയത്തിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന്‌ അപേക്ഷിച്ച്‌ ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌. അടുത്തയാഴ്ച്ച കോടതി ഇതു പരിശോധിക്കും. മെറിയക്കും വാനിക്കും ഒന്നരവയസു പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്‌. മാര്‍ട്ടിന്‍ എന്ന ഈ കുട്ടിയും ഇപ്പോള്‍ അമ്മയോടൊപ്പം ജയിലിലാണ്‌

വെബ്ദുനിയ വായിക്കുക