പാക് മോഡലിന്റെ കൊല ആസൂത്രിതം ?; സഹോദരിക്കും ബന്ധുവിനും പങ്കെന്ന് പൊലീസ് - അന്വേഷണം വ്യാപിപ്പിക്കുന്നു
ചൊവ്വ, 26 ജൂലൈ 2016 (13:44 IST)
പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്‌റ്റ്. സഹോദരി ഷഹനാസും ബന്ധു ഹഖ് നവാസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവര്‍ക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കൊല നടത്തിയ ബലോചിന്റെ സഹോദരൻ വസിം അസീം നേരത്തേ അറസ്റ്റിലായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചുവെന്നു പൊലീസ് വെളിപ്പെടുത്തിയിരുന്നു. മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ് ബലോചിനെ താന്‍ കൊലപ്പെടുത്തിയതെന്ന് വസീം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയകളില്‍ ചേച്ചി നടത്തിയ പ്രസ്‌താവനകളും വിവാദ വിഡിയോകളും കുടുംബത്തിന്റെ മാനം കളഞ്ഞു. മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും വസീം പറഞ്ഞു.
കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാൻ ജില്ലയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ബലോച്ചിന്റെ പ്രസ്താവനകള്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും വസീം വിലക്കിയിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്‌തിരുന്നു. ഇതോടെ മുൾട്ടാനിലുള്ള കുടുംബക്കാരിൽ നിന്നും അകന്നു നിൽക്കാൻ ബലൂച്ചി തീരുമാനിച്ചിരുന്നു.
ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ബലോച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവർ ആലോചിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.