പത്തുവയസുകാരിയെ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാഗ്വേയില്‍ കലാപം

വ്യാഴം, 14 മെയ് 2015 (17:26 IST)
രണ്ടാനച്‌ഛന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പത്തുവയസുകാരിയെ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാഗ്വെയില്‍ ജനരോഷം. ഗര്‍ഭഛിദ്രം നിയമപരമായി നിരോധിച്ചിരിക്കുന്ന പരാഗ്വേയില്‍ അമ്മയുടെ ജീവന്‍ അപകടത്തിലാകുമെങ്കില്‍ മാത്രമെ അതിന് അനുവാദമുള്ളു. ഇതിന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും ആവാശ്യമാണ്. പെണ്‍കുട്ടിക്ക് പ്രസവിക്കാന്‍ ആവശ്യമായ ആരോഗ്യമുണ്ടെന്നും പ്രസവിച്ചാല്‍ പെണ്‍കുട്ടിക്ക് അപകടമുണ്ടാകില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം പെണ്‍കുട്ടിക്ക് പ്രസവിക്കാന്‍ തക്ക ആരോഗ്യ ശേഷിയില്ലെന്നും ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പെണ്‍കുട്ടിക്കായി കഴിഞ്ഞ ദിവസം തെരുവില്‍ ഇറങ്ങിയത്‌ നൂറു കണക്കിന്‌ പേരായിരുന്നു. സംഭവം അന്താരാഷ്‌ട്ര സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്‌. 10 വയസ്സുകാരിയെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ പരാഗ്വേയന്‍ സര്‍ക്കാരിനെ യുഎന്നിന്റെ മനുഷ്യാവകാശ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ രണ്ടാനച്‌ഛനെ അറസ്‌റ്റ് ചെയ്‌ത് തടവിലാക്കിയിട്ടുണ്ട്‌. ജയിലില്‍ മറ്റ്‌ തടവുകാര്‍ ആക്രമിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ തനിച്ച്‌ ഒരു സെല്ലിലാണ്‌ പാര്‍പ്പിച്ചിട്ടുള്ളത്‌. ഭര്‍ത്താവിന്‌ മകളെ പീഡിപ്പിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തതിന്‌ പെണ്‍കുട്ടിയുടെ മാതാവിനെയും അറസ്‌റ്റ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക