പാകിസ്ഥാനിൽ ബലൂച് ആക്രമണത്തിൽ 80ലേറെ മരണം, പോരാട്ടം അടുത്തഘട്ടത്തിലേക്കെന്ന് ബിഎൽഎ

അഭിറാം മനോഹർ

ഞായര്‍, 1 ഫെബ്രുവരി 2026 (10:30 IST)
പാകിസ്ഥാന്റെ സംഘര്‍ഷബാധിതമായ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വിഘടനവാദികളായ ബലൂച്ച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) നടത്തിയ ആക്രമണത്തില്‍ 80ലേറെ സൈനികരും പോലീ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി 12ലധികം ഇടങ്ങളില്‍ ഒരേ സമയം ഉണ്ടായ ആക്രമണത്തോടെ പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ബിഎല്‍എ പ്രഖ്യാപിച്ചു. അതേസമയം 92 ഭീകരവാദികളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു.
 
 
നിരോധിത സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) 'ഓപ്പറേഷന്‍ ഹിറോഫ്' രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് അവകാശപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റ ഉള്‍പ്പെടെ 12-ലധികം സ്ഥലങ്ങളില്‍ ഒരേസമയം ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ക്വറ്റയിലെ പോലീസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന സുരക്ഷയുള്ള ജയിലുകള്‍, അര്‍ദ്ധസൈനിക ക്യാമ്പുകള്‍ എന്നിവയെല്ലാം ലക്ഷ്യമാക്കി തീവ്രവാദികള്‍ ആക്രമണം നടത്തി. ചില സ്ഥലങ്ങളില്‍ ബാങ്കുകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
 
പോര്‍ട്ട് നഗരമായ ഗ്വാദറില്‍, തൊഴിലാളികളുടെ ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഒരു ജില്ലാ ജയിലില്‍ നിന്ന് 30-ഓളം തടവുകാരെ തീവ്രവാദികള്‍ മോചിപ്പിക്കുകയും ആയുധങ്ങളും വെടിമരുന്നുകളും കൊള്ളയടിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഗദാനി ജയിലില്‍ നിന്ന് ക്വറ്റയിലേക്ക് തടവുകാരെ കൊണ്ടുപോയിരുന്ന പോലീസ് വാഹനം തടഞ്ഞ് 10 തടവുകാരെ മോചിപ്പിക്കുകയും അഞ്ച് പോലീസുകാരെ ബന്ദികളാക്കുകയും ചെയ്തു.
 
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബലൂചിസ്ഥാനില്‍ ആകെ 133 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച മാത്രം 92 തീവ്രവാദികളാണ് വധിക്കപ്പെട്ടത്. പാകിസ്ഥാനിലെ സംഘര്‍ഷപൂര്‍ണ്ണമായ ദശകങ്ങളുടെ ചരിത്രത്തില്‍ ഒരു ദിവസം കൊണ്ട് ഇത്രയധികം തീവ്രവാദികള്‍ കൊല്ലപ്പെടുന്നത് അപൂര്‍വമായ സംഭവമാണ്.
 
ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി, കഴിഞ്ഞ വര്‍ഷം മാത്രം 700 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി വെളിപ്പെടുത്തി. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് പാകിസ്ഥാന്‍ സൈന്യവും ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിയും ആരോപിച്ചു. 'ഫിത്‌ന അല്‍-ഹിന്ദുസ്ഥാന്‍' എന്ന പദപ്രയോഗം ഉപയോഗിച്ച് ബിഎല്‍എയെ വിശേഷിപ്പിച്ച നഖ്വി, ഇന്ത്യയുടെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന് പറഞ്ഞു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാന ആരോപണം ഉന്നയിച്ചു. ഇതുവരെ ഈ ആരോപണങ്ങളോട് ന്യൂഡല്‍ഹി പ്രതികരിച്ചിട്ടില്ല. നേരത്തെയും സമാനമായ ആരോപണങ്ങള്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഇന്ത്യ ഇതെല്ലാം നിഷേധിച്ചിരുന്നു.
 
 
ബലൂച് വിഘടനവാദികളും പാകിസ്ഥാനി താലിബാന്‍ (ടിടിപി) സംഘടനയും കഴിഞ്ഞ മാസങ്ങളിലായി പാകിസ്ഥാനെതിരായ ആക്രമണങ്ങള്‍ കടുപ്പിച്ചിരുന്നു. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമായത്.  ആക്രമണങ്ങളില്‍ സ്ത്രീ പോരാളികള്‍ പങ്കെടുത്തതായി കാണിക്കുന്ന വീഡിയോകള്‍ ബിഎല്‍എ പുറത്തുവിട്ടു. തീവ്രവാദികള്‍ക്കിടയില്‍ സ്ത്രീകളുടെ പങ്ക് ഉയര്‍ത്തിക്കാട്ടാനുള്ള പ്രചാരണ ശ്രമത്തിന്റെ ഭാഗമായാണിത് കാണുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍