ഭൂചലനത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യ 100 കോടി യുഎസ് ഡോളര്‍ സഹായം പ്രഖ്യാപിച്ചു

വ്യാഴം, 25 ജൂണ്‍ 2015 (14:57 IST)
കഴിഞ്ഞ ഏപ്രില്‍ 25ന് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ തകര്‍ന്ന നേപ്പാളിന്റെ പുനരുദ്ധാരണത്തിനായി ഇന്ത്യ 100 കോടി യുഎസ് ഡോളര്‍ സഹായം പ്രഖ്യാപിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സഹായം തേടി നേപ്പാള്‍ സര്‍ക്കാര്‍ കാഠ്മണ്ഡുവില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ആണ് സഹായം പ്രഖ്യാപിച്ചത്.

ഇപ്പോള്‍ പ്രഖ്യാപിച്ച 100 കോടി ഉള്‍പ്പെടെ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നേപ്പാളിന് ഭാരതം നല്‍കുന്ന സഹായം 200 കോടി രൂപയായി ഉയര്‍ന്നതായി സുഷമാ സ്വരാജ് പറഞ്ഞു.  ഭൂചലനത്തില്‍ തകര്‍ന്ന രാജ്യത്തിന്റ പുനര്‍നിര്‍മാണത്തിനായി എഴുന്നൂറ് കോടി ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കുമാര്‍ കൊയ് രാള പറഞ്ഞു. ലോകരാജ്യങ്ങളുടെ സഹായത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാകുവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസത്തെ പരിപാടിയില്‍ അറുപത് രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ചൈന വിദേശകാര്യമന്ത്രി വാങ് യി ഉള്‍പ്പെടെയുളളവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ ഇരുപത്തിയഞ്ചിനുണ്ടായ ഭൂചലനത്തിലും തുടര്‍ചലനങ്ങളിലും 8000 ത്തിലധികം ആളുകള്‍ നേപ്പാളില്‍ മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക