റംസാന്‍ വ്രതാനുഷ്ഠാനത്തിന് കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഇത്തവണയും വിലക്ക്. ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ ഷിന്‍ജിയാങിലെ ഉയിഗര്‍ വിഭാഗത്തിനാണ് ചൈനീസ് ഭരണകൂടം പ്രധാനമായും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീങ്ങള്‍ കൂടുതലായ ഷിന്‍ജിയാങിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ എല്ലാ വര്‍ഷവും ചൈന ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്താറുണ്ട്.
മുസ്ലിം വിശ്വാസികള്‍ നോമ്പെടുക്കരുതെന്നും, ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നുമാണ് ചൈനീസ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. കുട്ടികള്‍ നോമ്പ് ആചരിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം, മതത്തില്‍ വിശ്വസിക്കരുത്, ആചാരങ്ങളില്‍ പങ്കെടുക്കരുത്, മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളും, ഭക്ഷണശാലകളും തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മത സ്വാതന്ത്യത്തിന് നേരെയുളള ചൈനയുടെ കടന്നുകയറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മതവികാരത്തെ വ്രണപ്പെടുത്താനും നിയന്ത്രിക്കാനുമാണ് ചൈന ശ്രമിക്കുന്നതെന്ന് ഉയിഗര്‍ വിഭാഗം നേതാവ് ദില്‍ഷാദ് റാഷിദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും റംസാന്‍ നോമ്പ് ചൈന വിലക്കിയിരുന്നു. നേരത്തെ 2014ല്‍ പൊതുസ്ഥലത്ത് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനും നിരോധനം കൊണ്ടുവന്നിരുന്നു.