കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയും നടനുമായ മുകേഷിനെതിരെ ആരോപണവുമായി നടിയും മുകേഷിന്റെ ആദ്യ ഭാര്യയുമായ സരിത രംഗത്ത്. സ്വന്തം കുടുംബം നോക്കാത്തയാൾ എങ്ങനെയാണ് നാട് നന്നാക്കുകയെന്ന് സരിത ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ മുകേഷിനറിയില്ല, അവരെ ഉപദ്രവിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നും സരിത ദുബായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവാഹം കഴിഞ്ഞത് മുതൽ അയാൾ തന്നെ ഉപദ്രവിച്ചു. ശാരീരികമായും മാനസികമായും മുകേഷ് തന്നെ ഒരുപാട് പീഡിപ്പിച്ചു. മുകേഷ് ചതിയനും വഞ്ചകനുമെന്ന് ജനം മനസ്സിലാക്കും. തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ മക്കളുടെ സ്ഥാനത്ത് 'ഇല്ല' എന്നാണ്. ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകുമെന്നും സരിത പത്രസമ്മേളനത്തിൽ പറഞ്ഞു.
അച്ഛൻ ജയിച്ച് മന്ത്രിയായാൽ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്നും അമ്മയോട് പ്രശ്നമുണ്ടാക്കരുതെന്ന് പറയണമെന്നും അടുത്തിടെ മുകേഷ് മക്കളോട് പറഞ്ഞുവെന്നും സരിത വ്യക്തമാക്കി. ഇപ്പോള്‍ റാസല്‍ഖൈമയില്‍ മക്കളോടൊപ്പം കഴിയുന്ന സരിത ചെറിയ തോതില്‍ ഡബ്ബിങ്ങ് നടത്തിയാണ് ജീവിക്കുന്നത്. നല്ല റോളുകള്‍ കിട്ടിയാല്‍ ഇനിയും സിനിമയില്‍ അഭിനയിക്കുമെന്ന് അവർ പറഞ്ഞു.