ഒന്നിച്ച് മുന്നേറാമെന്ന് ചൈനയോട് മോഡി; ഇന്ത്യയിലേക്ക് കമ്പനികളെ സ്വാഗതം ചെയ്‌തു

ശനി, 16 മെയ് 2015 (09:28 IST)
സാമ്പത്തിക പുരോഗതിക്കായി ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചു മുന്നേറാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ നിക്ഷേപ സൌഹൃദമായി മാറി. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. മേക്കിംഗ് ഇന്ത്യയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തണമെന്നും മോഡി പറഞ്ഞു. ഷാങ്ഹായില്‍ ബിസിനസ് പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈനീസ് നഗരമായ ഷാങ്ഹായിയിൽ 22 വൻകിട ചൈനീസ് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയത്. മോഡി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളി‍ൽ താൽപര്യം പ്രകടിപ്പിച്ച ചൈസീസ് കമ്പനികളുടെ തലവൻമാരുമായി 20ൽ അധികം ഉടമ്പടികളിൽ ഒപ്പുവച്ചതായാണ് റിപ്പോർട്ട്. 10 ബില്യൺ കോടിയിലധികം ‍ഡോളർ മൂല്യം വരുന്ന 25 വാണിജ്യ ഉടമ്പടികളിൽ ഇന്ത്യയും ചൈനയും ഇന്ന് ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.

ഷാങ്ഹായിയിലെ വിവിധ പരിപാടികളോടെ മോദി ഇന്ന് ചൈനീസ് സന്ദർശനം പൂർത്തിയാക്കും. ഇന്ത്യ– ചൈന ബിസിനസ് ഫോറത്തിൽ പ്രസംഗത്തിന് ശേഷം ഫുഡാൻ സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡി സെന്റർ മോഡി ഉദ്ഘാടനം ചെയ്യും. ഷാങ്ഹായിലെ ഇന്ത്യൻ വംശജരുമായി ആശയ വിനിമയം നടത്തുന്ന മോഡി തുടർന്ന് ചൈനീസ് ജനതയ്ക്കു നന്ദി പറഞ്ഞ് മംഗോളിയയും തെക്കൻ കൊറിയയും സന്ദർശിക്കുന്നതിനായി യാത്ര തിരിക്കും.

വെബ്ദുനിയ വായിക്കുക