ഒടുവില്‍ ശുദ്ധ ജലവും കണ്ടെത്തി...! ഇനി ചൊവ്വയില്‍ ചെന്ന് രാപ്പാര്‍ക്കാം
വെള്ളി, 23 ഒക്‌ടോബര്‍ 2015 (11:17 IST)
ചൊവ്വാ പര്യവേക്ഷണ ചരിത്രത്തിലെ സുപധാന നാഴികല്ലായിരുന്നു അവിടെ ജലസാന്നിധ്യം നാസ കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തിയ ജലം ലവണങ്ങള്‍ കലര്‍ന്നതായതിനാല്‍ ഗവേഷകര്‍ നിരാശയിലായിരുന്നു. എന്നാല്‍ ചൊവ്വയിൽ ശുദ്ധജലമുണ്ടെന്ന വാദവുമായി മറ്റൊരു ഗവേഷകൻ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. സ്കോട്ട് സി വെറിങ് എന്ന ശാസ്ത്രജ്ഞനാണ് ചൊവ്വയില്‍ ശുദ്ധജലമുണ്ടെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
നാസ തന്നെ പുറത്തുവിട്ട ചിത്രം വിശദമായി നിരീക്ഷിച്ചാണ് ഇദ്ദേഹം ചൊവ്വയിൽ ശുദ്ധജലം ഒഴുകുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയിൽ ഒഴുകുന്ന ജലം കണ്ടെത്തിയതായി നാസ ശാസ്ത്രജ്ഞർ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. ഗ്രഹത്തിലെ പർവതഗർത്തങ്ങൾക്കിടയിലൂടെ വളരെദൂരം താഴ്‌വാരത്തിലേക്കു വേനൽക്കാലത്തൊഴുകുന്ന അരുവികൾ ശിശിരത്തിൽ അന്തരീക്ഷ താപം താഴുന്നതോടെ ഉറഞ്ഞുപോകുന്നതിന്റെ അടയാളങ്ങളും ഗവേഷകർ കണ്ടെത്തിയിരുന്നു.
ഒരു ദശകം മുൻപ് നാസയുടെ മാർസ് ഗ്ലോബൽ സർവേയർ എടുത്ത ചില ചിത്രങ്ങളിലും പർവതപ്രദേശങ്ങളിലെ ജലസാന്നിധ്യം സംബന്ധിച്ച സൂചനകളുണ്ടായിരുന്നു.ഒഴുകുന്ന ജലം കണ്ടെത്തിയ സ്ഥിതിക്ക് ചൊവ്വയുടെ പ്രതലത്തിൽ ഇപ്പോഴും ഈർപ്പമുണ്ടെന്നാണ് നിഗമനം.