എന്നെ എല്ലാവരും അനുസരിക്കണം; പുതിയ ഖലീഫ ഉത്തരവിട്ടു!

തിങ്കള്‍, 7 ജൂലൈ 2014 (13:21 IST)
ഓട്ടോമന്‍ തുര്‍ക്കികളുടെ അവസാനത്തോടെ ഇല്ലാതായ ഖലീഫ സമ്പ്രദായം പുന:സ്ഥാപിച്ച ഐസിസ് തീവ്രവാദികള്‍ ഖലീഫയായി അവരോധിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദി തന്റെ നിലപാടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.  എന്നെ ആഗോള മുസ്ലീങ്ങള്‍ മുഴുവനും അനുസരിക്കണമെന്നാണ് ഖലീഫ ആവശ്യപ്പെട്ടിരിക്കുന്നത്.
 
ഞാന്‍ ദൈവത്തെ അനുസരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുസരിക്കണം എന്നാണ് ബാഗ്ദാദി പറയുന്നത്. മൊസ്യൂള്‍ പട്ടണത്തിലെ ഒരു പള്ളിയില്‍ ജുമാ പ്രാര്‍ത്ഥനക്കിടെയായിരുന്നു ബാഗ്ദാദിയുടെ ആഹ്വാനം. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റ് വഴി പുറത്ത് വിട്ടിട്ടുമുണ്ട്. 
 
വീഡിയോ പുറത്തു വന്നതിനു പിന്നാലേ ഇറാഖ് സൈന്യവും സര്‍ക്കാരും ഇത് വ്യാജ സന്ദേശമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്. അതിര്‍ത്തികള്‍ ഇല്ലാതാക്കി ആഗോള തലത്തില്‍ തന്നെ ഇസ്ലാമിക രാജ്യം സ്ഥാപിക്കണമെന്ന് ഐസിസി തലവന്‍ തന്റെ ആദ്യത്തേ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടിരിക്കുന്ന ദൃശ്യങ്ങളില്‍ ഐസിസിന്റെ പതാകയുടെ നിറമായ കറുത്ത വസ്ത്രമാണ് ബാഗ്ദാദി അണിഞ്ഞിരിക്കുന്നത്. സംഘടനയുടെ ചിഹ്നമായ അറബിക് വാക്കുകള്‍ എഴുതിയ തലപ്പാവും ധരിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ നിറഞ്ഞ സദസ്സിനേയാണ് ഇയാള്‍ അഭിസംബോധന ചെയ്തത്. 

വെബ്ദുനിയ വായിക്കുക