ശവക്കുഴി തോണ്ടിപ്പിച്ചു, എന്നിട്ട് കൊന്ന് കുഴിച്ചുമൂടി, ഐഎസ് ക്രൂരത വീണ്ടും
വെള്ളി, 29 മെയ് 2015 (14:22 IST)
തലവെട്ടുക, എറിഞ്ഞുകൊല്ലുക, തല്ലിയിട്ടുകൊല്ലുക, കൈ വെട്ടിമാറ്റുക, കൂട്ടമായി വെടിവയ്ക്കുക, കുരിശിലേറ്റുക തുടങ്ങിയ പ്രാകൃത വധശിക്ഷകളാണ് ഇസ്ലാമിക് സ്റ്റേറ്റ് നടപ്പിലാക്കുന്നത്. എന്നാല്‍ കൊല്ലാന്‍ പോകുന്ന ആളോട് ലവലേശം പോലും കരുണ കാണിക്കാത്ത ഭീകരര്‍ കഴിഞ്ഞ ആഴ്ച കൊല്ലാന്‍ വിധിക്കപ്പെട്ടവനേക്കൊണ്ട് തന്നെ സ്വന്തം ശവക്കുഴി തോണ്ടിക്കുകയും അയാളെ കൊന്ന് കുഴിച്ചുമൂടിയതും വാര്‍ത്തയായി.
ഈ ആഴ്‌ച അവര്‍ പുറത്തുവിട്ട സ്വന്തം ശവക്കുഴി തോണ്ടുന്ന സിറിയക്കാരന്റെ ദൃശ്യമാണ് അന്താരാഷ്‌ട്ര സമൂഹത്തെ ഞെട്ടിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ സൂചനയായി വിദേശികള്‍ക്ക് നല്‍കുന്ന ഓറഞ്ച് സ്യൂട്ടില്‍ മരുഭൂമിയില്‍ ഒരിടത്ത് കുഴിയെടുക്കുന്ന സിറിയക്കാരന്റെ വീഡിയോ ആണ് ഇത്തവണ പുറത്തു വന്നിരിക്കുന്നത്. സിറിയന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട യുവാവ് പിക്കാസ് ഉപയോഗിച്ച് കുഴിയെടുക്കുന്നതും ഷൗവ്വല്‍ ഉപയോഗിച്ച് മണ്ണ് കോരി മാറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യമാണ് ഇതിലുള്ളത്.
സിറിയയില്‍ നിന്നുള്ള ദൃശ്യമാകാം ഇതെന്ന് സംശയമുണ്ട്. ഇയാളുടെ മുഖത്ത് നിറയെ മുറിവുകളും ചതവുകളുമുണ്ട്. താന്‍ ചെയ്‌ത കുറ്റം ഇയാള്‍ ക്യാമറയ്‌ക്ക് മുന്നില്‍ വിവരിക്കുന്നതാണ് ആദ്യം. പേര് സിയാദ് അബ്‌ദല്‍ അബു താരെക് എന്നാണെന്നും സിറിയന്‍ നഗരമായ അല്‍ ക്വറിയാട്ടനില്‍ നിന്നാണ് വന്നതെന്നും സിറിയയ്‌ക്ക് വേണ്ടി ചാരപ്പണി നടത്തുകയായിരുന്നെന്നും അബുഹസനെ കൊല ചെയ്‌ത തന്നെ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചിരിക്കുകയാണെന്നും പറയുന്നു.
കുഴിയെടുക്കുമ്പോള്‍ ഏതാനും ദൂരത്തിലായി ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ പതാകയോടെ വെള്ള ട്രക്ക് നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ഇവിടെ കട്ട് ചെയ്യപ്പെടുന്ന വീഡിയോ പിന്നീട് ആരാച്ചാര്‍ക്ക് മുന്നില്‍ ഇയാള്‍ മുട്ടുകുത്തിയിരിക്കുന്ന ഇയാളെ വെടിവെച്ച് കൊല്ലുന്നതിലാണ് അവസാനിക്കുന്നത്. സിറിയന്‍ നഗരം പിടിച്ചതിന് പിന്നാലെ അല്‍ ക്വറിയാട്ടനിലെ തെരുവുകളില്‍ മൃതശരീരങ്ങള്‍ കിടക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞയാഴ്‌ചയാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിട്ടത്.