യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയടക്കം 30 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും വിവിധ അന്താരാഷ്ട്ര സംഘടനകളില്‍നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ബ്രിട്ടീഷ് പൗരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടതാണ് ഐഎസിനെതിരായ നീക്കത്തിന് പെട്ടെന്ന് സമ്മേളനം ചേരാന്‍ ഇടയാക്കിയത്.
തീവ്രവാദത്തിനെതിരായ ഇറാഖ് ഭരണകൂടത്തിന്റെ യുദ്ധം തങ്ങളുടേതുകൂടിയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞു. ഇറാഖിന് ഈ യുദ്ധത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നും ഒലാദ് വ്യക്തമാക്കി. ഇറാഖിലെ സൈനിക നിരീക്ഷണത്തിനായി ഫ്രാന്‍സ് തിങ്കളാഴ്ച രണ്ട് യുദ്ധവിമാനങ്ങള്‍ അയച്ചു.
ഇറാഖിലെ സ്ഥിതിഗതികള്‍ പ്രസിഡന്റ് ഫൗദ് മസും യോഗത്തില്‍ വിശദീകരിച്ചു. സമയം കളയാതെ ഭീകരര്‍ക്കെതിരെ വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മസും യോഗത്തില്‍ ആവശ്യപ്പെട്ടു. ഐഎസിനെതിരായ നീക്കത്തിന് വ്യക്തമായ ഒരു പദ്ധതി യോഗത്തില്‍ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാഖിലേക്ക് 600 സൈനികരെ അയയ്ക്കുമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഐഎസിനെതിരായ നീക്കത്തെ പിന്തുണയ്ക്കുമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളടക്കം ഇതുവരെ 40 രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.